ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ പരിശോധന ശക്തമാക്കും

0


കണ്ണൂർ: ജില്ലയിൽ ഒറ്റത്തവണ പ്ലാസ്റ്റിക്കിന്റെ ഉപയോഗവും വിൽപ്പനയും തടയാൻ പരിശോധന ഊർജ്ജിതമാക്കും. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ്തല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.ഇതിനായി ജി എസ് ടി വകുപ്പ്, ആർ ടി ഒ, പൊലീസ് തുടങ്ങിയവർ പരിശോധന ശക്തിപ്പെടുത്തും. സർക്കാർ ഓഫീസുകൾ പൂർണമായും ഹരിത ഓഫീസ് ആക്കാനുള്ള നടപടി സ്വീകരിക്കണം. വലിച്ചെറിയൽ മുക്ത ജില്ലയായി കണ്ണൂരിനെ പ്രഖ്യാപിക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ ഓഫീസുകളിൽ നിന്ന് തുടങ്ങണമെന്നും ജില്ലാ കലക്ടർ പറഞ്ഞു.വകുപ്പുകൾ നടത്തുന്ന പരിപാടികളിൽ ഡിസ്പോസിബിൾ വസ്തുക്കൾ ഉപയോഗിക്കുന്നത് കർശനമായി ഒഴിവാക്കണം. കണ്ണൂരിലേത് മാതൃകാ കലക്ടറേറ്റാക്കാൻ ഓഫീസുകളിലെ മാലിന്യ നിർമാർജ്ജനവുമായി ബന്ധപ്പെട്ട് കമ്മിറ്റികളും ഓഫീസ് തല ശുചിത്വ കമ്മിറ്റികളും രൂപീകരിക്കും. ഓഫീസിലെ മാലിന്യങ്ങൾ അവരുടെ ഉത്തരവാദിത്തമായി കണ്ട് അതത് ഓഫീസ് തന്നെ കൈകാര്യം ചെയ്യുന്ന രീതിയാണ് സ്വീകരിക്കുക. ഓരോ മാസവും പ്രവർത്തനം വിലയിരുത്തി വൃത്തിയായി സൂക്ഷിക്കുന്ന ഓഫീസിനും ഓഫീസർക്കും പാർട്ട് ടൈം സ്വീപ്പർമാർക്കും പുരസ്‌കാരം നൽകും. ഭക്ഷണം, കടലാസ്, പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങൾ പ്രത്യേകം ശേഖരിക്കുന്നതിന് ഓഫീസുകളിൽ സംവിധാനം ഒരുക്കണം. ഏജൻസികൾ മുഖേന ഇവ നീക്കം ചെയ്യും.കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എഡിഎം കെ കെ ദിവാകരൻ, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ കെ സോമശേഖരൻ, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ബി ബീന, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: