പിണറായി കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം പൂര്‍ത്തിയായി

6 / 100


 മൂന്നിന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
മികച്ച അടിസ്ഥാന സൗകര്യങ്ങളും അത്യാധുനിക സജ്ജീകരണങ്ങളുമായി  പിണറായി കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. നവംബര്‍ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സെന്റര്‍ നാടിന് സമര്‍പ്പിക്കും. രാവിലെ 10.30 ന് ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സി മൊയ്തീന്‍ അധ്യക്ഷനാകും. 
സ്ഥലമേറ്റെടുപ്പും കെട്ടിടത്തിന്റെ നിര്‍മ്മാണ ചിലവും ഉള്‍പ്പെടെ 18.65 കോടി രൂപ ചെലവിലാണ് കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മ്മാണം. പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി രണ്ട് ഘട്ടങ്ങളിലായി 8.25 കോടി രൂപയും കെട്ടിട നിര്‍മ്മാണത്തിനായി മൂന്ന് ഘട്ടങ്ങളിലായി 10.40 കോടി രൂപയുമാണ് അനുവദിച്ചത്. 2015-16 വര്‍ഷം മുന്‍ എംഎല്‍എ കെ കെ നാരായണന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നുള്ള മൂന്ന് കോടി രൂപ ഉപയോഗിച്ചാണ് സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പിന്നീട് രണ്ടാം ഘട്ടത്തില്‍ 2.65 കോടി രൂപ കൂടി അനുവദിച്ചു. സ്ട്രക്ച്ചര്‍, റാമ്പ്, ടോയ്‌ലറ്റ് ബ്ലോക്ക്, കിണര്‍ തുടങ്ങിയ പ്രവൃത്തികള്‍ക്കായാണ് തുക വിനിയോഗിച്ചത്. മൂന്നാം ഘട്ടത്തില്‍  സര്‍ക്കാരിന്റെ പ്രത്യേക ധനസഹായമായി ആറ് കോടി രൂപ അനുവദിച്ചു. സ്റ്റേജ്, ഇന്റീരിയര്‍, ബൗണ്ടറി വാള്‍, ഗേറ്റ്, ഇലക്ട്രിക്കല്‍ വര്‍ക്ക്, ഗ്രീന്‍ റൂം, ഗസ്റ്റ് റൂം തുടങ്ങിയ പ്രവൃത്തികള്‍ക്കും സ്ഥലമേറ്റെടുപ്പിനുമായാണ് പണം അനുവദിച്ചത്.  പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി ഏഴ് കോടി രൂപയാണ് കഴിഞ്ഞ ബജറ്റില്‍ അനുവദിച്ചിരുന്നത്.
തൊള്ളായിരത്തിലേറെ പേരെ ഉള്‍ക്കൊള്ളുന്ന വിശാലമായ ഓഡിറ്റോറിയം, ഒരേ സമയം 150 പേര്‍ക്ക് ഇരിക്കാവുന്ന ഡൈനിംഗ് ഏരിയ, കിച്ചണ്‍ സംവിധാനം, ജൈവ മാലിന്യ സംസ്‌ക്കരണ യൂണിറ്റ്, വേസ്റ്റ് വാട്ടര്‍ മാനേജ്‌മെന്റ് സിസ്റ്റം എന്നിവ കണ്‍വെന്‍ഷന്‍ സെന്ററിലൊരുക്കിയിട്ടുണ്ട്.  ഇരുനിലകളിലാണ് നിര്‍മ്മാണം. കെട്ടിടത്തിലൊരുക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം മിനി ഓഡിറ്റോറിയമായും ഡൈനിംഗ് ഏരിയ ഉപയോഗിക്കാന്‍ സാധിക്കും. ആദ്യ രണ്ട് ഘട്ടങ്ങളുടെയും നിര്‍മ്മാണ ചുമതല പൊതുമരാമത്ത് വകുപ്പിനും മൂന്നാം ഘട്ടത്തിന്റെ ചുമതല എല്‍ എസ് ജി ഡിക്കുമായിരുന്നു. വിവാഹം, സെമിനാറുകള്‍, വിവിധ കലാപരിപാടികള്‍, യോഗങ്ങള്‍ എന്നിവ നടത്തുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും സെന്ററിലൊരുക്കിയിട്ടുണ്ട്. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: