കെ സുരേന്ദ്രനെ പരിചയമില്ല, രശ്മിയുടേത് പകവീട്ടൽ; വിശദീകരിച്ച് രഹ്ന ഫാത്തിമ

മോഡലും ഓൺലൈൻ സെക്സ്റാക്കറ്റ് കേസിലെ മുഖ്യപ്രതിയുമായ രശ്മി നായരുടെ ആരോപണം നിഷേധിച്ച് ആക്ടിവിസ്റ്റ് രഹ്‌ന ഫാത്തിമ.

ബിജെപി നേതാവ് കെ.സുരേന്ദ്രനുമായി രഹ്‌ന മംഗലാപുരത്തു കൂടിക്കാഴ്ച നടത്തിയെന്നും കലാപമുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണു രഹ്ന ശബരിമല സന്ദർനത്തിനെത്തിയതെന്നുമായിരുന്നു രശ്മി പറഞ്ഞത്. സംഭവത്തിനു പിന്നിൽ ഗൂഢാലോചന ഉള്ളതായി സംശയിക്കുന്നതിയി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പോസ്റ്റ് ചെയ്തിരുന്നു.
രശ്മിയുടെ വാക്ക് വിശ്വസിച്ചാണ് കടകംപള്ളി സുരേന്ദ്രൻ തന്റെ സന്ദർശനത്തിൽ ഗൂഢാലോചനയുണ്ടെന്നു പ്രതികരിച്ചതെന്നാണ് രഹ്‌നയുടെ ആരോപണം.
2 വർഷം മുൻപ് കെ.സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ ശബരിമലയിലെ യുവതീപ്രവേശത്തെ അനുകൂലിച്ചു പോസ്റ്റിട്ടിരുന്നു. ഇതിനു തന്റെ സുഹൃത്തുക്കളാരോ തന്നെ ടാഗ് ചെയ്തിരുന്നു. തന്റെ നിലപാട് സമാനമായതിനാൽ അന്ന് ടാഗ് ആക്സപ്റ്റ് ചെയ്തു. ഇതു മാത്രമാണു കെ.സുരേന്ദ്രനുമായി തനിക്കുള്ള പരിചയം. അല്ലാതെ അദ്ദേഹത്തെ താൻ മംഗലാപുരത്തു കണ്ടെന്നും അതിന് അവർക്ക് നേരിട്ട് അറിവുണ്ടെന്നുമെല്ലാം രശ്മി പറയുന്നതു നുണയാണ്. സെക്സ് റാക്കറ്റ് കേസിൽ രശ്മിയും രാഹുൽ പശുപാലനും അറസ്റ്റിലായപ്പോൾ അവർക്കെതിരെ മൊഴി നൽകിയതിലുള്ള പകപോക്കലാണ് ഇതെന്നും രഹ്‌ന പറയുന്നു.

രഹ്‌നയുടെ ഭർത്താവ് മനോജ് ശ്രീധർ നിർമിക്കാനിരുന്ന സിനിമയ്ക്കു വേണ്ടി വന്ന സാമ്പത്തിക ബാധ്യത തീർക്കാനാണ് അന്നു താൻ സെക്സ്റാക്കറ്റിൽ പ്രവർത്തിക്കുന്നതെന്നായിരുന്നു രശ്മിയും രാഹുലും പൊലീസിനോടു പറഞ്ഞിരുന്നത്. ഇതു ശരിയല്ലെന്നും സിനിമയ്ക്കു വേണ്ട ചെലവുകൾ താനാണു വഹിച്ചതെന്നും ഇതുവഴി അവര്‍ക്കു യാതൊരു ബാധ്യതയുമുണ്ടായിട്ടില്ലെന്നും മനോജും രഹ്‌നയും പൊലീസിനു മൊഴി നൽകിയിരുന്നു.
രശ്മിയും ഭർത്താവുമായുള്ള പരിചയം ശരിയല്ലെന്നു ബോധ്യമായതിനെ തുടർന്നു അത് അവസാനിപ്പിച്ചതായി മനോജും രഹ്‌നയും മാധ്യമങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ വിഡിയോകൾ ഇപ്പോഴും യുട്യൂബിൽ ലഭ്യമാണെന്നും സംശയമുള്ളവർക്കു പരിശോധിക്കാമെന്നും രഹ്‌ന പറയുന്നു.
ഇന്നലെ രാവിലെയാണ് ഹൈദരാബാദ് സ്വദേശിയായ ടെലിവഷൻ റിപ്പോര്‍ട്ടര്‍ കവിതയും എറണാകുളം സ്വദേശിയായ രഹന ഫാത്തിമയും ശബരിമല ദര്‍ശനത്തിനായി പൊലീസിന്റെ സുരക്ഷയോടു കൂടി മല ചവിട്ടിയത്. വാർത്ത പുറത്തുവന്നതോടെ ഒരു സംഘമാളുകൾ രഹനയുടെ വീട് ആക്രമിച്ചു. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ഇരുവരും മലയിറങ്ങിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: