കമ്മ്യൂണിസ്റ്റ് തീര്‍ത്ഥാടന കേന്ദ്രമല്ല ശബരിമല; യുവതീപ്രവേശം സര്‍ക്കാരിന്റെ അഭിമാനപ്രശ്നമെന്ന നിലപാട് പരിഹാസ്യം: കെ. സുരേന്ദ്രന്‍

പെരിങ്ങോം: ശബരിമല ഹൈന്ദവവിശ്വാസികളുടെ ആത്മീയതേജസ്സിന് കാരണമായിട്ടുള്ള ദേവവസ്ഥാനമാണെന്നും അല്ലാതെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് വാശി തീര്‍ക്കാനുള്ള യുദ്ധക്കളമല്ലെന്നും കോണ്‍ഗ്രസ്സ് നേതാവും ഐ.എന്‍.ടി.യു.സി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ കെ. സുരേന്ദ്രന്‍. യൂത്ത് കോണ്‍ഗ്രസ്സ് പയ്യന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പാടിയോട്ടുചാലില്‍ സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂരിലെ സി.പി.എം നേതാക്കളൊന്നടങ്കം ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കാനിറങ്ങിത്തിരിച്ചിരിക്കുകയാണ്.കോണ്‍ഗ്രസ്സ് കോടതി വിധിയെ മാനിക്കുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയം കളിക്കാന്‍ തങ്ങള്‍ക്കാവില്ല.ആചാരങ്ങള്‍ക്കൊപ്പം നിലകൊണ്ട് വിശ്വാസ സംരക്ഷണത്തിനുവേണ്ടി കോണ്‍ഗ്രസ്സ് പ്രതിജ്ഞാബദ്ധമാണ്.

ശബരിമലയിലേത് നൈഷ്ഠികബ്രഹ്മചര്യാ സങ്കല്പത്തിലുള്ള പ്രതിഷ്ഠയാണ്.മണ്ഡലകാലത്തുടനീളം നാല്‍പത്തിയൊന്ന് ദിവസം വ്രതമെടുത്ത് കറുപ്പുടുത്ത് ഇരുമുടിക്കെട്ടേന്തി മലകയറുന്ന യഥാര്‍ത്ഥ ഭക്തരെ വേദനിപ്പിക്കുന്ന സംഭവവികാസങ്ങളാണ് പരിപാവനമായ ആ പുണ്യഭൂമിയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇത് ആശാസ്യമല്ല.അദ്ദേഹം പറഞ്ഞു.

നിയോജക മണ്ഡലം പ്രസിഡണ്ട് സതീശന്‍ കാർത്തികപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.

അബ്‌ദു റഹിമാൻ മദനി പടന്ന മുഖ്യപ്രഭാഷണം നടത്തി. കെ.കെ സുരേഷ് കുമാർ, ടി.വി കുഞ്ഞമ്പു നായർ, രവി പൊന്നംവയൽ, വി.പി അബ്‌ദുൾ റഷീദ്, എം. വിജേഷ് കുമാർ, മഹേഷ്‌ കുന്നുമ്മൽ, എ.ജി ഷെരീഫ്, ഇ.വി നാരായണൻ, സുധീർ ബാബു, മിനി വേണുഗോപാൽ,സുനീഷ് പട്ടുവം, ടി.പി ശ്രീനിഷ് എന്നിവര്‍ പ്രസംഗിച്ചു.യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം നേതാക്കളായ പ്രഭാത് അന്നൂര്‍, പി.വി വൈശാഖ്, ലിതിന്‍ പാടിച്ചാല്‍, പയ്യന്നൂര്‍ വിനീത് കുമാര്‍, രജനി ആലപ്പടമ്പ്, ദിബിന്‍ നായര്‍, കെ.പി മഹിത എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: