ഇടതുവിദ്യാര്‍ഥി പ്രതിഷേധത്തില്‍ നട്ടംതിരിഞ്ഞ കേന്ദ്രമന്ത്രിക്ക് രക്ഷകനായെത്തിയത് ഗവര്‍ണര്‍; എ.ബി.വി.പിക്കാര്‍ രോഷം തീര്‍ത്തത് യൂണിയന്‍ ഓഫീസ് കത്തിച്ച്

കൊല്‍ക്കത്ത: ജാദവ്പുര്‍ സര്‍വകലാശാലയില്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയെ ഇടതുവിദ്യാര്‍ഥി സംഘടനകള്‍ തടഞ്ഞുവെച്ചപ്പോള്‍ രക്ഷകനായെത്തിയത് ബംഗാള്‍ ഗവര്‍ണര്‍. കാമ്പസ് വിട്ടുപോകാന്‍ തയ്യാറാകാതെ വിദ്യാര്‍ഥികള്‍ ശക്തമായ പ്രതിരോധം തീര്‍ത്തെങ്കിലും ഗവര്‍ണര്‍ ഇടപെട്ട് അദ്ദേഹത്തെ പുറത്തുകൊണ്ടുവരികയായിരുന്നു.
സംഭവം ഗൗരവമുള്ളതാണെന്നു പറഞ്ഞ ഗവര്‍ണര്‍ ജന്‍ദീപ് ധന്‍കര്‍, അടിയന്തരമായി നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കു നിര്‍ദ്ദേശം നല്‍കി.നവാഗതരെ സ്വീകരിക്കാനായി എ.ബി.വി.പി സംഘടിപ്പിച്ച പരിപാടിയ്ക്കെത്തിയതായിരുന്നു ബാബുല്‍ സുപ്രിയോ. ‘ബാബുല്‍ സുപ്രിയോ ഗോ ബാക്ക്’ വിളികളുമായി സര്‍വകലാശാലാ കവാടത്തില്‍ നിലയുറപ്പിച്ച വിദ്യാര്‍ഥികള്‍ ആരെയും അകത്തേക്ക് കയറ്റിവിട്ടില്ല. ഒന്നരമണിക്കൂറോളമാണ് മന്ത്രിയെ അവര്‍ തടഞ്ഞുവെച്ചത്.എസ്.എഫ്.ഐ അടക്കമുള്ള ഇടതുവിദ്യാര്‍ഥി സംഘടനകളാണ് പ്രതിഷേധിച്ചത്. പിന്നീട് സര്‍വകലാശാലാ കാമ്പസില്‍ നിന്നു മടങ്ങാനൊരുങ്ങവെ വിദ്യാര്‍ഥികള്‍ തലമുടിയില്‍ പിടിച്ചുവലിക്കുകയും തള്ളുകയും ചെയ്തുവെന്നാണ് മന്ത്രിയുടെ ആരോപണം.തുടര്‍ന്നാണ് ഗവര്‍ണറെത്തിയത്. സഹായത്തിന് പൊലീസുമുണ്ടായിരുന്നു. അതിനിടെ റോഡ് ഗതാഗതം തടസ്സപ്പെടുത്തിയതുമൂലം ഗവര്‍ണറുടെ വാഹനവ്യൂഹവും കാമ്പസില്‍ കുടുങ്ങി.തുടര്‍ന്ന് പ്രതിഷേധത്തില്‍ രോഷാകുലരായ എ.ബി.വി.പിക്കാര്‍ സര്‍വകലാശാലയുടെ വസ്തുവകകള്‍ അടിച്ചുതകര്‍ത്തു. സര്‍വകലാശാലയിലെ യൂണിയന്‍ ഓഫീസ് എ.ബി.വി.പി കത്തിച്ചുകളഞ്ഞെന്ന ആരോപണവുമുണ്ട്.മന്ത്രി തന്നെ ഇതിനിടയ്ക്ക് ഒരു വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഒട്ടേറെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റതായും അവര്‍ ആരോപിക്കുന്നുണ്ട്.രാഷ്ട്രീയം കളിക്കാനല്ല സര്‍വകലാശാലയില്‍ എത്തിയതെന്നാണ് സുപ്രിയോയുടെ വിശദീകരണം. ചില വിദ്യാര്‍ഥികളുടെ പെരുമാറ്റം തന്നെ വിഷമിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.നക്‌സലുകളെന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ തന്നെ പ്രകോപിപ്പിക്കാനാണു ശ്രമിച്ചതെന്നും മന്ത്രി ആരോപിച്ചു.സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ വി.സി സുരഞ്ജന്‍ ദാസ് വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയെങ്കിലും അവര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: