ബിഹാറില്‍ 3 മാസത്തിനുള്ളില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നത് 14 പേരെ; നടന്നത് 39 ആക്രമണങ്ങള്‍

പട്ന: ബിഹാറില്‍ 3 മാസത്തിനുള്ളില്‍ നടന്നത് 14 ആള്‍ക്കൂട്ട ആക്രമണ കൊലപാതകങ്ങളെന്ന് പൊലീസ് റിപ്പോര്‍ട്ട്. 39 ആള്‍ക്കൂട്ടാക്രമണങ്ങളാണ് ജൂലൈ മുതല്‍ ഈ മാസം വരെ ഇവിടെ നടന്നിരിക്കുന്നത്. 45 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ആള്‍ക്കൂട്ടാക്രമണങ്ങളുടെ പേരില്‍ ഇതുവരെയും അറസ്റ്റിലായിരിക്കുന്നത് 278 പേരാണ്. 4000 പ്രതികളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.വ്യാജവാര്‍ത്തകള്‍ വിശ്വസിച്ചാണ് പലപ്പോഴും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം. കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍, മോഷണക്കുറ്റം എന്നിവ ആരോപിച്ചാണ് മിക്ക ആക്രമണങ്ങളും നടന്നിരിക്കുന്നത്.മുസാഫര്‍പുരില്‍ രണ്ടു സ്ത്രീകളെ ക്രൂരമായി മര്‍ദ്ദിച്ചത് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവര്‍ എന്നാരോപിച്ചായിരുന്നു. സംഭവ സ്ഥലത്ത് പൊലീസ് എത്തിയാണ് സ്ത്രീകളെ രക്ഷിച്ചത്. ഇരുവര്‍ക്കും ഗുരുതരമായി പരിക്കു പറ്റിയിരുന്നു. സമസ്തിപുര്‍ ജില്ലയില്‍ മാനസികരോഗിയായ സ്ത്രീയെ തല്ലിച്ചതച്ചതും ഇതേ കാരണം പറഞ്ഞാണ്. ചാമ്പാര്‍ ജില്ലയില്‍ ഇത്തരത്തില്‍ ആള്‍ക്കൂട്ടം കൊലചെയ്തത് രണ്ടു പേരെയാണ്. സെപ്തംബര്‍ 8ാം തിയ്യതി തട്ടിക്കൊണ്ട് പോകല്‍ ആരോപിച്ച് 22 വയസുകാരനെ മര്‍ദിച്ചുകൊന്നു. സെപ്തംബര്‍ 9ാം തിയ്യതി ശത്രുഘ്നന്‍ സിന്‍ഹ എന്നയാളെയും ആള്‍ക്കൂട്ടം കൊന്നു.എന്നാല്‍ ഇവിടങ്ങളിലൊന്നും ഇതുവരെയും കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് പറയുന്നു.ബിഹാറില്‍ കൂടിവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുകയാണ് ഇപ്പോള്‍ പൊലീസ് മേധാവികള്‍. ആള്‍ക്കൂട്ട ആക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ എടുക്കുന്നതായിരിക്കും. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പിടിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥനായ ജിതേന്ദ്രകുമാര്‍ പറയുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: