അപകടക്കുഴികളിൽപ്പെട്ട് മലയോര ഹൈവേ

കേളകം:അൽപമൊന്നു പിഴച്ചാൽ ഒന്നുകിൽ വാഹന യാത്രക്കാരുടെയോ അല്ലെങ്കിൽ കാൽനട യാത്രക്കാരന്റെയോ ജീവൻ നഷ്ടപ്പെടും വിധത്തിൽ മലയോര ഹൈവേയുടെ അരികിൽ അപകടക്കുഴികൾ പതിയിരിക്കുന്നു. ടാറിങ്ങിനോട് ചേർന്നുള്ള ഭാഗത്തെ മണ്ണ് പൂർണമായി ഒഴുകി പോയാണ് വൻ ഗർത്തങ്ങളും തോടുകളും ഇരു വശത്തും രൂപപ്പെട്ടിട്ടുള്ളത്. ഫുട്പാത്തും ഡ്രെയ്നേജും നിർമിക്കേണ്ട ഭാഗത്തെ മണ്ണാണ് പൂർണ്ണമായി ഒഴുകി പോയിട്ടുള്ളത്. മണത്തണ മുതൽ കൊട്ടിയൂർ അമ്പായത്തോട് വരെ 16 കിലോമീറ്റർ ദൂരം വരുന്ന മലയോര ഹൈവേയിൽ കേളകം, കൊട്ടിയൂർ, കണിച്ചാർ, മണത്തണ ടൗണുകളിലെ ചില ഭാഗത്ത് മാത്രമാണ് ഡ്രെയ്നേജ് ഉള്ളത്. ഒരിടത്തും ഫുട്പാത്തില്ല. നടന്നു പോകാൻ ഇരു വശത്തും സൗകര്യമില്ലാത്തതിനാൽ നാട്ടുകാർക്ക് ടാറിങ് റോഡ് തന്നെ ഫുട്പാത്തായി ഉപയോഗിക്കേണ്ടി വരുന്നു.12 മീറ്റർ വീതിയിൽ മലയോര ഹൈവേ നിർമിക്കുന്നതിനായി ഇരുവശത്തെയും ഭൂവുടമകളിൽ നിന്ന് സ്ഥലം ഏറ്റെടുത്തായിരുന്നു വികസന പദ്ധതിയുടെ തുടക്കം. സ്ഥലം വിട്ടു കൊടുക്കാത്തവരിൽ നിന്ന് ബലം പ്രയോഗിച്ച്
പിടിച്ചെടുക്കാനും ചിലയിടങ്ങളിൽ ശ്രമം നടത്തിയിരുന്നു. ഇത്തരം സ്ഥലം ഏറ്റെടുക്കലിന് എതിരെ കേസുകളും ഉണ്ടായി. ഇതിനെല്ലാം ഇടയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡിന്റെ വീതി കൂട്ടി. എട്ട് മീറ്ററിൽ നിന്ന് 12 മീറ്റർ വീതിയാക്കി മാറ്റി. അധികമായി ഏറ്റെടുത്ത സ്ഥലത്ത് ഫുട്പാത്തും ഡ്രെയ്നേജും നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷെ ടാറിങ്ങ് പൂർത്തിയായി ആറ് വർഷം കഴിഞ്ഞിട്ടും ഒരു മീറ്റർ ദൂരത്തിൽ പോലും ഫുട്പാത്തോ ഡ്രെയ്നേജോ നിർമിച്ചില്ല. ടാറിങ്ങിനോട് ചേർന്ന് അപകടകരമായി നിൽക്കുന്ന വൈദ്യുതി തൂണുകളോ ടെലഫോൺ പോസ്റ്റുകളോ നീക്കം ചെയ്തുമില്ല.. ഇടക്കിടെ കേബിളുകൾ സ്ഥാപിക്കാൻ ഹൈവേയുടെ ഇരു വശങ്ങളിലും കുഴികളുണ്ടാക്കിയതും മണ്ണൊലിപ്പിന് കാരണമായി. പാതയോരങ്ങളാകട്ടെ കാട് മൂടിയ നിലയിലുമാണ്. ഒരു വാഹനം വന്നാൽ കാൽനട യാത്രക്കാരന് മാറി നിൽക്കാൻ പോലുമുള്ള ഒരിടമില്ല . ടാറിങ്ങിനോട് ചേർന്നുള്ള ഗർത്തങ്ങളിലും കുഴികളിലും വീണ് ബൈക്ക് യാത്രക്കാർക്കും ചെറു വാഹനങ്ങളിലെ യാത്രക്കാർക്കും അപകടമുണ്ടാകുന്നത് പതിവു സംഭവമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: