തെരുവുനായ്ക്കൾ പെരുകുന്നത് നിയന്ത്രിക്കാൻ ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച എ.ബി.സി. പദ്ധതി അവതാളത്തിൽ

പാപ്പിനിശ്ശേരി:തെരുവുനായ്ക്കൾ പെരുകുന്നത് നിയന്ത്രിക്കാൻ ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയിലൂടെ ഇതുവരെ വന്ധ്യംകരണം നടത്തിയത് 7,000 എണ്ണത്തെമാത്രം. മൂന്നുവർഷത്തിനിടെ പാപ്പിനിശ്ശേരിയിൽ എ.ബി.സി. പദ്ധതി പ്രകാരം ശസ്ത്രക്രിയനടത്തി പുറത്തുവിട്ടവയാണിവ. 2012-ലെ സെൻസസ് പ്രകാരം 47,000 തെരുവുനായ്ക്കൾ ജില്ലയിലുണ്ടെന്ന് ജില്ലാ ആനിമൽ ഹസ്ബന്ററി ഡെപ്യൂട്ടി ഡയറക്ടർ ഗിരീഷ്ബാബു പറഞ്ഞു. ഏഴുവർഷത്തിനിടയിൽ ഇവയുടെ എണ്ണം ക്രമാതീമായി ഉയർന്നിട്ടുണ്ട്.
കല്യാശ്ശേരി, പാപ്പിനിശ്ശേരി, മയ്യിൽ, വളപട്ടണം, അഴീക്കോട് അടക്കമുള്ള ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാൾക്കുനാൾ തെരുവുനായ്ക്കൾ പെറ്റുപെരുകുകയാണ്. പലയിടങ്ങളിലും ആളുകൾക്ക് കടിയേൽക്കുന്നത് നിത്യസംഭവമായി മാറുന്നു. ഇപ്പോൾ പാപ്പിനിശ്ശേരിയിൽ നടക്കുന്ന വന്ധ്യംകരണ പദ്ധതി ഓഗസ്റ്റ് ഒൻപതുമുതൽ നിലച്ചിരിക്കയാണ്. നിയമിച്ച വെറ്ററിനറി സർജന്റെയും തൊഴിലാളികളുടെയും കാലാവധി കഴിഞ്ഞതിനുശേഷം പുതിയ നിയമനം നടന്നിട്ടില്ല.
ജില്ലയിൽ പാപ്പിനിശ്ശേരിക്കുപുറമെ പടിയൂർ, കോപ്പാലം എന്നിവിടങ്ങളിലും നായ്ക്കളുടെ വന്ധ്യംകരണ ശസ്ത്രക്രിയാക്യാമ്പുകൾ ഉടൻ തുടങ്ങുമെന്ന് പലവട്ടം അധികൃതർ പറഞ്ഞിരുന്നു. അവയ്ക്കെല്ലാം ഇനിയും അനുമതി ലഭിച്ചിട്ടില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: