ഓൺലൈൻ തട്ടിപ്പ്: തൊട്ടിൽപ്പാലം സ്വദേശിക്ക് 50 ലക്ഷം രൂപ നഷ്ടമായി

വടകര: ബിറ്റ്‌കോയിൻ എന്ന ഓൺലൈൻ ട്രേഡിങ് സൈറ്റ് വഴി തൊട്ടിൽപ്പാലം സ്വദേശിക്ക് 50 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. തൊട്ടിൽപ്പാലം ചാപ്പൻതോട്ടം സ്വദേശി മനു മാത്യുവിനാണ് പണം നഷ്ടപ്പെട്ടത്. വടകര സൈബർ പോലീസിൽ ഓൺലൈൻ തട്ടിപ്പിന് പരാതിനൽകിയിട്ടുണ്ട്.ബിറ്റ്‌കോയിൻ എന്ന വാട്സാപ്പ് ഗ്രൂപ്പുവഴിയാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തിൽ പലരുടെയും നേട്ടങ്ങൾ വിവരിക്കുന്ന ആകർഷമായ ട്രേഡിങ് വിവരങ്ങൾ ഗ്രൂപ്പിൽ വന്നു. ഇതിൽ ആകൃഷ്ടനായാണ് മനുവും പണമിറക്കിത്തുടങ്ങിയത്. ആദ്യം നിക്ഷേപിച്ച പണം തിരിച്ചുകിട്ടിയിരുന്നു. പിന്നീട് 50 ലക്ഷത്തോളം രൂപ ഇവർ തട്ടിയെടുത്തതായാണ് പരാതി.