സൗജന്യ ഓണക്കിറ്റ്; രണ്ടാംഘട്ട വിതരണം ആരംഭിച്ചു രണ്ടാം ഘട്ടത്തില്‍ നല്‍കുന്നത് 1.6 ലക്ഷം കിറ്റുകള്‍

6 / 100

കണ്ണൂർ ജില്ലയിലെ രണ്ടാംഘട്ട സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചു. 165633 മുന്‍ഗണന (പിങ്ക്) കാര്‍ഡുകള്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ ഓണക്കിറ്റുകള്‍ വിതരണം ചെയ്യുക. പൊതുവിതരണ വകുപ്പിന്റെ കണ്ണൂര്‍ ഡിപ്പോയില്‍ 45150ഉം, തലശ്ശേരിയില്‍ 72592ഉം, തളിപ്പറമ്പില്‍ 47253 കിറ്റുകളും ഇതിനകം വിതരണത്തിനായി തയ്യാറായിട്ടുണ്ട്. ബാക്കി വരും ദിവസങ്ങളില്‍ വിതരണത്തിന് സജ്ജമാവും. ഇതിനു ശേഷം 204868 വെള്ളക്കാര്‍ഡുകള്‍ക്കും 222511 നീല കാര്‍ഡുകള്‍ക്കുമുള്ള കിറ്റുകള്‍ വിതരണം ചെയ്യും. ഓണത്തിന് മുമ്പായി എല്ലാ കാര്‍ഡുടമകള്‍ക്കും കിറ്റുകള്‍ വിതരണം ചെയ്യും.  
ജില്ലയില്‍ ആദ്യഘട്ടത്തില്‍ 35727 വൈ കാര്‍ഡുകള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്. കണ്ണൂര്‍ ഡിപ്പോയില്‍ 7099 കാര്‍ഡുകളും, തലശ്ശേരിയില്‍ 16939 കാര്‍ഡുകള്‍ക്കും, തളിപ്പറമ്പില്‍ 11689 കാര്‍ഡുകള്‍ക്കുമുള്ള ഓണക്കിറ്റുകളാണ് ഒന്നാം ഘട്ടത്തില്‍ നല്‍കിയത്. കണ്ണൂര്‍ ഡിപ്പോയിലെ 33 കേന്ദ്രങ്ങള്‍ക്കും തലശ്ശേരി ഡിപ്പോകളിലെ 46 കേന്ദ്രങ്ങള്‍ക്കും, തളിപ്പറമ്പിലെ 40 കേന്ദ്രങ്ങള്‍ക്കുമാണ് ഓണക്കിറ്റ് തയ്യാറാക്കുന്നതിനുള്ള ചുമതല.
ഒരു കിലോഗ്രാം പഞ്ചസാര, 500 ഗ്രാം ചെറുപയര്‍, ഒരു കിലോഗ്രാം ശര്‍ക്കര, 500 മില്ലി വെളിച്ചെണ്ണ, ഒരു കിലോഗ്രാം ഗോതമ്പ് നുറുക്ക്, പപ്പടം, പായസം മിക്‌സ്, മസാലക്കൂട്ടുകള്‍ എന്നിവയടങ്ങുന്ന പതിനൊന്നിനം പലവ്യഞ്ജനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാമൂഹിക അകലവും മറ്റ് കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ഓണക്കിറ്റ് വിതരണം. റേഷന്‍ കടകളില്‍ ആള്‍ക്കൂട്ടം പാടില്ല. ഒരു കടയില്‍ ഒരേ സമയം അഞ്ച് പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. കടയില്‍ എത്തുന്നവരുടെ പേരു വിവരങ്ങള്‍ രേഖപ്പെടുത്തുകയും വേണം. 
കണ്ടൈയിന്‍മെന്റ് സോണുകളിലെ റേഷന്‍കടകളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് കിറ്റുകള്‍ വിതരണം ചെയ്യും. രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് ഇവിടെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക. നിരീക്ഷണത്തില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കും റേഷന്‍ കടയിലെത്തി സാധനങ്ങള്‍ വാങ്ങാന്‍ മറ്റ് കുടുംബാംഗങ്ങളില്ലാത്ത കിടപ്പുരോഗികള്‍ക്കും ബയോമെട്രിക് സംവിധാനമില്ലാതെ റേഷന്‍ സാധനങ്ങളും ഓണക്കിറ്റും വാങ്ങാവുന്നതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: