ബലിപെരുന്നാള്‍: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം

കൊവിഡ് മഹാവ്യാധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ നടത്താന്‍ ജില്ലയിലെ മത സംഘടന ഭാരവാഹികളുടേയും ഉന്നതോദ്യോഗസ്ഥരുടേയും യോഗത്തില്‍ തീരുമാനിച്ചു. ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്. ബലിപെരുന്നാള്‍ ദിനം പള്ളികളില്‍ നടക്കുന്ന പ്രാര്‍ത്ഥനയില്‍ 40 പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ബലി മാംസത്തിനായി ആളുകള്‍ കൂട്ടം കൂടുന്ന നിലയുണ്ടാവരുത്. ഇക്കാര്യങ്ങള്‍ ഉറപ്പ് വരുത്താന്‍ മുഴുവന്‍ പള്ളി കമ്മിറ്റി ഭാരവാഹികളും തയ്യാറാകണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലേയും പള്ളികമ്മറ്റി ഭാരവാഹികളുടെ യോഗം അതത് സ്റ്റേഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നടന്നു. ബലി മാംസം വീടുകളില്‍ എത്തിച്ച് നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയതായും ബലി ദിനങ്ങളും സമയവും ക്രമീകരിച്ചതായും മത സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. വീടുകളില്‍ നിന്ന് അംഗശുദ്ധി വരുത്താനും പ്രാര്‍ത്ഥനാ നമസ്‌ക്കാരത്തിനുള്ള മുസല്ല പ്രത്യേകമായി കരുതാനും വിശ്വാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അവര്‍ പറഞ്ഞു. മാനദണ്ഡമനുസരിച്ചുള്ള അകലം ക്രമീകരിച്ചാണ് പ്രാര്‍ത്ഥന നടത്തുക.

ജില്ലാതല യോഗത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ, സബ് കലക്ടര്‍ അനുകുമാരി, എ ഡി എം കെ കെ ദിവാകരന്‍, തളിപറമ്പ് ആര്‍ ഡി ഒ ഇ പി മേഴ്‌സി, ദുരന്തനിവാരണ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ അനില്‍ ജോസ്, മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, മത സംഘടനാ ഭാരവാഹികളായ ഉമ്മര്‍ ഉസ്താദ്, കെ പി സലീം, ഡോ.സുല്‍ഫിക്കര്‍, സാജിദ് നദ് വി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: