മഴ തുടരുന്നു; ജില്ലയില്‍ ഓറഞ്ച് മഞ്ഞ അലര്‍ട്ടുകള്‍

കണ്ണൂർ:ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ജൂലൈ 21, 22, 24 തീയതികളില്‍ മഞ്ഞ അലര്‍ട്ടും ജൂലൈ 23 വെള്ളിയാഴ്ച ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഉണ്ടാകുവാനും സാധ്യതയുള്ളതിനാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
നദികളിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പ്രത്യേകം നിരീക്ഷിക്കാനും ഡാമുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കണം. താലൂക്ക് കണ്‍ട്രോള്‍ റൂമുകളും ജില്ലാ കണ്‍ട്രോള്‍ റൂമുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. മലയോര മേഖലയില്‍ മഴ തുടരുന്ന സാഹചര്യം പരിശോധിച്ച് നടപടികള്‍ സ്വീകരിക്കണം. തദ്ദേശസ്ഥാപനതലത്തിലും വില്ലേജ് തലത്തിലും ജാഗ്രത നിര്‍ദേശം നല്‍കുകയും ശക്തമായ മഴ തുടരുന്ന സാഹചര്യമുണ്ടെങ്കില്‍ മലയോര മേഖലയിലേക്കുള്ള ഗതാഗതം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണം. ഇത്തരം സാഹചര്യം അന്വേഷിച്ച് ഉറപ്പാക്കി പോലീസ്, വനംവകുപ്പ്, ഫയര്‍ ഫോഴ്സ്, തദ്ദേശ സ്ഥാപനങ്ങള്‍, റവന്യു ഉദ്യോഗസ്ഥര്‍, ഡാം ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കുകയും ഇവരുടെ ഏകോപനം ഉറപ്പാക്കുകയും ചെയ്യണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: