ഓണക്കിറ്റ് ഓഗസ്റ്റ് ഒന്നു മുതൽ വിതരണം; കിറ്റിൽനിന്ന് ബിസ്കറ്റും ഒഴിവാക്കും


റേഷൻ കാർഡ് ഉടമകൾക്കു സർക്കാർ നൽകുന്ന സൗജന്യ ഓണക്കിറ്റിൽ നിന്നു കുട്ടികൾക്കുള്ള ക്രീം ബിസ്കറ്റും പുറത്ത്. പൊടിഞ്ഞു പോകാൻ ഇടയുള്ളതിനാലാണ് ഒഴിവാക്കിയതെന്നാണു വിശദീകരണം. പകരം എന്തെങ്കിലും ഉൾപ്പെടുത്താനും തീരുമാനമില്ല. മിഠായിപ്പൊതി ഉൾപ്പെടുത്താനാണ് ആദ്യം ആലോചിച്ചത്. എന്നാൽ ചോക്‌ലേറ്റ് അലിഞ്ഞു നശിച്ചു പോകുമെന്നു കണ്ടാണു പകരം ക്രീം ബിസ്കറ്റ് നൽകാൻ ആലോചിച്ചത്.

പായസത്തിനുള്ള വിഭവങ്ങളും ശർക്കരവരട്ടിയും കിറ്റിൽ നിലനിർത്തി. തുണി സഞ്ചി ഉൾപ്പെടെ 16 ഇനങ്ങളുള്ള സ്പെഷൽ കിറ്റ് ഓഗസ്റ്റ് ഒന്നു മുതൽ വിതരണം ചെയ്യും.

കിറ്റിലെ സാധനങ്ങളും അളവും: പഞ്ചസാര, ശബരി പൊടി ഉപ്പ്, ആട്ട (ഒരു കിലോഗ്രാം വീതം), വെളിച്ചെണ്ണ 500 മില്ലിലീറ്റർ, ചെറുപയർ 500 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, തേയില, മുളക്/മുളകുപൊടി, മഞ്ഞൾ, ശർക്കരവരട്ടി/ ഉപ്പേരി (100 ഗ്രാം വീതം), 180 ഗ്രാം വീതം സേമിയ/ പാലട അല്ലെങ്കിൽ 500 ഗ്രാം ഉണക്കലരി, കശുവണ്ടിപ്പരിപ്പ് 50 ഗ്രാം, ഏലയ്ക്ക 20 ഗ്രാം (ഒരു പാക്കറ്റ് വീതം), നെയ്യ് 50 മില്ലിലീറ്റർ, ശബരി ബാത്ത് സോപ്പ് ഒരെണ്ണം.

കായിക വിദ്യാർഥികൾക്ക് ഭക്ഷ്യക്കിറ്റ്

തിരുവനന്തപുരം• വകുപ്പിനും സ്‌പോട്‌സ്‌ കൗൺസിലിനും കീഴിലുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്ന കായിക വിദ്യാർഥികൾക്ക്‌ ഓണത്തിനു മുന്നോടിയായി ഭക്ഷ്യകിറ്റ്‌ വീടുകളിൽ എത്തിക്കും. കോവിഡിനെ തുടർന്ന്‌ അടച്ച സ്പോർട്സ് ഹോസ്‌റ്റലുകളിൽ കഴിഞ്ഞിരുന്ന കുട്ടികൾക്കാണ് 1793 രൂപയുടെ സാധനങ്ങൾ ഉൾപ്പെടുന്ന കിറ്റ് ലഭിക്കുക. സപ്ലൈകോ, മിൽമ എന്നിവ വഴിയുള്ള ഉൽപ്പന്നങ്ങളാണ്‌ കിറ്റിൽ.

തിരുവനന്തപുരത്തെ ജി.വി.രാജ സ്‌പോട്‌സ്‌ സ്‌കൂൾ, കണ്ണൂർ സ്‌പോട്‌സ്‌ ഡിവിഷൻ എന്നിവിടങ്ങളിലും സ്‌പോട്‌സ്‌ കൗൺസിലിനു കീഴിലുള്ള സ്‌പോട്‌സ്‌ അക്കാദമികളിലും പഠിക്കുന്ന 1750 കുട്ടികൾക്കു കിറ്റ്‌ ലഭിക്കും. ഓഗസ്റ്റ് ആദ്യം വിതരണം ആരംഭിക്കും. ഒരു മാസത്തേക്കു മാത്രമാണ് പദ്ധതി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: