ദുരൂഹത നീങ്ങുന്നു ; ബാലഭാസ്കറിന്റേത് അപകടമരണമെന്ന് ക്രൈംബ്രാഞ്ച് , വാഹനമോടിച്ചത് അര്‍ജുന്‍

ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കാര്‍ ഓടിച്ചിരുന്ന അര്‍ജുന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകട കാരണം. ഇത് തെളിയിക്കുന്ന ഫോറന്‍സിക്, മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തലുകള്‍ ഇതിനകം ലഭിച്ചു. അന്വേഷണം പൂര്‍ത്തിയാക്കി വൈകാതെ റിപ്പോ‍ര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. അമിത വേഗത, ഡ്രൈവ‌ര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായ അവസ്ഥ, റോഡിന്റെ വലതുവശത്തേക്കുള്ള ചരിവ് എന്നിവ അപകടത്തിന്റെ ആഘാതം കൂട്ടിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ബാലഭാസ്ക്കറിനും കുടുംബത്തിനുമുണ്ടായ അപകടം കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം പുനരാവിഷ്ക്കരിച്ച്‌ പരിശോധന നടത്തിയിരുന്നു. പള്ളിപ്പുറത്ത് ബാലഭാസ്ക്കറിന്‍റെ കാറിടിച്ച മരത്തിനടുത്തേക്ക് മറ്റൊരു കാര്‍ വേഗത്തില്‍ ഓടിച്ചാണ് അപകടം പുനരാവിഷ്ക്കരിച്ചത്. വാഹനം ഓടിച്ചിരുന്നത് ആരാണെന്ന് സ്ഥിരീകരിക്കുന്നതിനുവേണ്ടിയായിരുന്നു. KSRTC ബസിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ നിയന്ത്രണം വിട്ടാണ് ബാലഭാസ്ക്കറിന്‍റെ വാഹനം മരത്തിലിടിച്ചത്.
2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്ക്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല സംഭവസത്ഥലത്തുവെച്ചും ബാലഭാസ്ക്കര്‍ പിന്നീട് ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഭാര്യ ലക്ഷ്മി ഏറെനാളായി ചികിത്സയിലായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: