കൊടും ക്രൂരത കാട്ടി വീണ്ടും കല്ലട

കണ്ണൂര്‍: യാത്രക്കാരോട് ക്രൂരത കാട്ടി വീണ്ടും കല്ലട ട്രാവല്‍സ്. ഇത്തവണ യാത്രക്കാരന്റെ തുടയെല്ല് പൊട്ടിക്കുകയാണ് കല്ലട ചെയ്തത്. പയ്യന്നൂര്‍ സ്വദേശിയായ മോഹനാണ് കല്ലടയുടെ ക്രൂരതയില്‍ പരിക്കേറ്റത്. അമിത വേഗത്തില്‍ ബസ് ഓടിച്ച്‌ വാഹനം ഹംപില്‍ ചാടിച്ചപ്പോഴായിരുന്നു മോഹന്റെ തുടയെല്ല് പൊട്ടിയത്. മോഹന് പരിക്ക് പറ്റിയ ശേഷം വേണ്ട ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ബസ് ജീവനക്കാര്‍ തയാറായില്ല. ഈ സമയം വേദന കൊണ്ട് പുളയുകയായിരുന്നു മോഹന്‍. ഗുരുതരാവസ്ഥയിലായ മോഹനെ ഒടുവില്‍ സ്വന്തം മകനാണ് ആശുപത്രിയിലേക്ക് എത്തിച്ചത്.കഴിഞ്ഞ ഞായറാഴ്ച, പയ്യന്നൂരിനടുത്തുള്ള പെരുമ്പയില്‍ നിന്നുമാണ് മോഹന്‍ ബസില്‍ കയറിയത്. തുടര്‍ന്ന് ബസ് പുലര്‍ച്ചെ രണ്ടരയോടെ മൈസൂര്‍ കടന്ന് അല്‍പ്പസമയത്തിനകമാണ് അപകടം സംഭവിച്ചത്. മോഹന്‍ ബസിന്റെ ഏറ്റവും പുറകുവശത്തായിരുന്നു ഇരുന്നിരുന്നത്. തനിക്ക് പരിക്ക് പറ്റിയതിനെ തുടര്‍ന്ന് മോഹനന്‍ ഉറക്കെ നിലവിളിച്ചെങ്കിലും ബസ് ജീവനക്കാര്‍ അത് ഗൗനിച്ചില്ല. ആശുപത്രിയില്‍ എത്തിയ മോഹനെ രണ്ടുതവണ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മൂന്ന് മാസം വിശ്രമം മോഹന് ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: