രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു

തിരുവനന്തപുരം: ചരിത്ര വിജയം നേടിയ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം വെട്ടിച്ചുരുക്കിയെങ്കിലും കേരളത്തിലങ്ങോളമിങ്ങോളം ലക്ഷക്കണക്കിന് ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഓണ്‍ലൈനിലും ടി.വിയിലും ആവേശപൂര്‍വം ചടങ്ങിനു സാക്ഷികളായി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി വിജയനും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. വേദിയില്‍ 140 അടി നീളത്തില്‍ സ്ഥാപിച്ച എല്‍.ഇ.ഡി സ്‌ക്രീനില്‍ ചടങ്ങിനു മുന്‍പ് 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലി സംഗീതാവിഷ്‌കാരം പ്രദര്‍ശിപ്പിച്ചു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരുന്നു ചടങ്ങിലേക്ക് പ്രവേശനം. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ.രാജന്‍, എ.കെ ശശീന്ദ്രന്‍, ജി.ആര്‍ അനില്‍, കെ.എന്‍ ബാലഗോപാല്‍, ആര്‍.ബിന്ദു, ചിഞ്ചുറാണി, എം.വി ഗോവിന്ദന്‍, മുഹമ്മദ് റിയാസ്, പി.പ്രസാദ്, കെ.രാധാകൃഷ്ണന്‍, പി.രാജീവ്, സജി ചെറിയാന്‍, വി.ശിവന്‍കുട്ടി, വി.എന്‍ വാസവന്‍ എന്നിവര്‍ സൗഗൗരവമാണ് പ്രതിജ്ഞ ചെയ്തത്. സി.പി.എമ്മില്‍ നിന്നും വീണ ജോര്‍ജും ഘടകക്ഷി മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ.കൃഷ്ണന്‍കുട്ടി, ആന്റണി രാജു, അബ്ദുറഹ്മാന്‍ എന്നിവര്‍ ദൈവനാമത്തിലും ഐ.എന്‍.എല്ലില്‍ നിന്നുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അള്ളാഹുവിന്റെ നാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍, പ്രകാശ് കാരാട്ട്, എ.വിജയരാഘവന്‍, ഇ.പി ജയരാജന്‍, തോമസ് ഐസക്, എം.എം മണി, കെ.കെ ശൈലജ, കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ള സി.പി.എം നേതാക്കള്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, ഇ.ചന്ദ്രശേഖരന്‍, ഗുരുരത്നം ജ്ഞാനതപസ്വി, വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയവര്‍ അടക്കം രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കുന്ന പ്രത്യേക ചായ സത്കാരത്തില്‍ പങ്കെടുക്കും. ഇതിനുശേഷം ആറോടെ ഈ സര്‍ക്കാരിന്റെ ആദ്യ ക്യാബിനറ്റ് യോഗം സെക്രട്ടേറിയറ്റില്‍ ചേരും. ഇതിനു പിന്നാലെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: