സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂൺ ഒൻപത് മുതൽ ആരംഭിക്കും

സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം ജൂൺ ഒമ്പതിന് അർദ്ധരാത്രി മുതൽ ആരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങളും സേവനങ്ങളും കാലോചിതമായി സംരക്ഷിക്കുന്നതിനോടൊപ്പം കടൽ ആവാസ വ്യവസ്ഥയിൽ മത്സ്യബന്ധനംമൂലം ഉണ്ടാകുന്ന ആഘാതം ലഘൂകരിക്കുന്നതിനും വിവിധ മത്സ്യങ്ങളുടെ പ്രജനനത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിനുമാണ് ട്രോളിംഗ് നിരോധനം സർക്കാർ നടപ്പാക്കി വരുന്നത്. ഓരോ ട്രോളിംഗ് നിരോധനത്തിനു ശേഷവും ഉണ്ടാകുന്ന മത്സ്യ വർദ്ധനവ് ട്രോളിംഗ് നിരോധനത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നതായി മന്ത്രി വ്യക്തമാക്കി.
ട്രോളിംഗ് നിരോധന സമയത്ത് കടൽ രക്ഷാ പ്രവർത്തനങ്ങൾക്കും പെട്രോളിംഗിനുമായി എല്ലാ തീരദേശ ജില്ലകളിലുമായി 20 സ്വകാര്യ ബോട്ടുകൾ വാടകയ്ക്ക് എടുത്ത് പ്രവർത്തനം ആരംഭിക്കും. നേരത്തെ പരിശീലനം ലഭിച്ചിട്ടുള്ള 80 മത്സ്യത്തൊഴിലാളി യുവാക്കളെ കടൽ രക്ഷാ പ്രവർത്തനങ്ങൾക്കായി നിയോഗിക്കും. ഹാർബറുകളിലും ലാൻഡിംഗ് സെന്ററുകളിലുമുള്ള പെട്രോൾ ബങ്കുകൾ ട്രോൾ ബാൻ കാലയളവിൽ പ്രവർത്തിക്കില്ല. മറൈൻ ആംബുലൻസിന്റെ സേവനം ജൂൺ, ജൂലൈ മാസങ്ങളിൽ ലഭ്യമാക്കും. 50 പേർക്ക് പോകാവുന്ന വള്ളങ്ങളിൽ 30 പേർക്ക് പോകാൻ അനുമതി നൽകും. അഞ്ചു പേർക്ക് പോകാവുന്ന ഒരു കാരിയർ വള്ളം കൂടി ഇത്തരം വള്ളങ്ങളുടെ കൂടെ അനുവദിക്കും. അന്യ സംസ്ഥാന ബോട്ടുകൾ ജൂൺ ഒൻപത് അർദ്ധരാത്രിക്ക് മുമ്പ് ഹാർബറുകളിൽ നിന്ന് അവരുടെ സ്ഥലങ്ങളിലേക്ക് പോകണം. 1800 കിലോയോളം തൂക്കം വരുന്ന ഇപ്പോൾ ഉപയോഗിക്കുന്ന വലകൾക്ക് പകരം ചെറിയ വലകൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. വള്ളങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ എണ്ണവും വലകളുടെ ഭാരവും കുറയുന്നതുകൊണ്ട് ശക്തിയേറിയ എൻജിനുകൾ ഉപയോഗിക്കാതിരിക്കാൻ മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കണം. ലേലം നിർത്തിവെച്ചുള്ള വിലനിർണ്ണയം ഹാർബറുകളിൽ നടക്കുന്നതിനാൽ അവസാനം വരുന്ന മത്സ്യത്തിനും നിശ്ചിത വില ലഭിക്കും. വലിയ എൻജിൻ ഉപയോഗിക്കുന്നതിലൂടെയുള്ള കൂടുതൽ മണ്ണെണ്ണ ഉപഭോഗം കുറയ്ക്കാനും മണ്ണെണ്ണ വഴിയുള്ള കടൽ മലിനീകരണം ഒഴിവാക്കാനും സഹായിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഫിഷറീസ് സെക്രട്ടറി ഇഷിതാറോയ്, ഫിഷറീസ് ഡയറക്ടർ എസ്. വെങ്കിടേശപതി, മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, പുല്ലുവിള സ്റ്റാൻലി, ചാൾസ് ജോർജ്, ഓസ്റ്റിൻ ഗോമസ്, ഉമ്മർ ഓട്ടുമ്മൽ, റ്റി. പീറ്റർ, രജനീഷ് ബാബു, സോണിയ ജോർജ്ജ് എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: