തെരഞ്ഞെടുപ്പ്ഫലം വന്നയുടനെ സംഘര്‍ഷത്തിന് സാധ്യത; പോലീസ് മുന്നൊരുക്കങ്ങള്‍ തുടങ്ങി

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കണ്ണൂര്‍, കാസര്‍ക്കോട്, വടകര മണ്ഡലങ്ങളില്‍ വ്യാപകമായ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ പോലീസ് സുരക്ഷ ശക്തമാക്കാന്‍ തീരുമാനം. തെരഞ്ഞെടുപ്പ് ഫലമെന്തായാലും ഈ മൂന്ന് മണ്ഡലങ്ങളില്‍ വ്യാപകമായ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് കണ്ടെത്തല്‍. മൂന്ന് മുന്നണികളില്‍ ആര് ജയിച്ചാലും സംഘര്‍ഷം ഉണ്ടായേക്കും. ഈ സാഹചര്യത്തില്‍ സംഘര്‍ഷം ഒഴിവാകുന്നതിന് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരുയോഗം ഇന്ന് വൈകീട്ട് 4ന് കണ്ണൂര്‍ സബ്ഡിവിഷന്‍ ഡി വൈ എസ് പി കെ വി വേണുഗോപാല്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ആഹ്ലാദപ്രകടനം നടത്തുമ്പോള്‍ വിവിധ പാര്‍ട്ടികള്‍ക്ക് വിവിധ സ്ഥലങ്ങള്‍ പ്രകടനത്തിനായി അനുവദിക്കാനായി തീരുമാനമുണ്ടായേക്കും.
ബുധനാഴ്ച വൈകീട്ട് 6 മണിക്ക് ശേഷം ആഹ്ലാദ പ്രകടനത്തിന്റെ ഭാഗമായുള്ള പടക്കം പൊട്ടിക്കലിന് വിലക്ക് ഏര്‍പ്പെടുത്തും. കഴിഞ്ഞ കലാശക്കൊട്ടിനിടയില്‍ കണ്ണൂര്‍ നഗരത്തിലും മറ്റും ചെറിയ സംഘര്‍ഷങ്ങളുണ്ടായിരുന്നു. അത് പടരാതെ പോലീസിന്റെ തന്ത്രപരമായ ഇടപെടല്‍ കാരണം വലിയൊരു സംഘര്‍ഷം ഒഴിവാക്കിയിരുന്നു. വോട്ടെടുപ്പ് ദിവസം ജില്ലയിലെ പോലീസിന് പുറമെ അയല്‍ സംസ്ഥാനങ്ങളിലെ സായുധസേനാംഗങ്ങള്‍ നിറഞ്ഞ് നിന്നത് കൊണ്ട് കാര്യമായ സംഘര്‍ഷമുണ്ടായിരുന്നില്ല. എന്നാല്‍ രാജ്യമൊട്ടാകെ ഒരു ദിവസം വോട്ടെണ്ണുന്നത് കൊണ്ട് മറ്റ് സംസ്ഥാനങ്ങളിലെ സേനാംഗങ്ങള്‍ ജില്ലയില്‍ സേവനത്തിനുണ്ടാകില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: