കണ്ണൂർ ജില്ലയില്‍ ലോക്ക്ഡൗണ്‍ മെയ് 3 വരെ; ഇളവുകളില്ല, പൊലീസ് പരിശോധന കൂടുതല്‍ കര്‍ശനമാക്കും

കണ്ണൂര്‍ ജില്ല റെഡ് സോണില്‍ ഉള്‍പ്പെടുന്നതിനാല്‍ മെയ് 3 വരെ പൂര്‍ണമായും ലോക്ക്‌ഡോണ്‍ ആണെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് വ്യക്തമാക്കി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ചിട്ടുള്ള പ്രത്യേക ഇളവുകള്‍ മാത്രമാണ് ജില്ലക്ക് ബാധകമാവുകയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഹോട്ട് സ്‌പോട്ടുകളായ തദ്ദേശസ്ഥാപന പരിധിയിലെ പ്രദേശങ്ങളിൽ ഒരു തരത്തിലുള്ള ഇളവും ബാധകമല്ല. പൂര്‍ണമായി ഈ പ്രദേശങ്ങള്‍ അടച്ചിടും. അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിന് ഓരാ എന്‍ട്രി, എക്‌സിറ്റ് പോയിന്റ് മാത്രമാണ് അനുവദിക്കുക. ആശങ്ക പൂര്‍ണമായി അകലുംവരെ ശക്തമായ ജാഗ്രത തുടരേണ്ടതുണ്ടെന്ന് അവലോകന യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ മറ്റ് ചില ജില്ലകളില്‍ ഇളവ് പ്രഖ്യാപിച്ചതിന്റെ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലും ചിലയിടങ്ങളില്‍ തിങ്കളാഴ്ച വ്യാപകമായി ആളുകള്‍ പുറത്തിറങ്ങുന്ന നിലയുണ്ടായി. ഇത് അനുവദിക്കാനാവില്ലെന്നും അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ കര്‍ശനമായ പരിശോധന നടത്തണമെന്നും യോഗം പൊലീസിനോട് നിര്‍ദേശിച്ചു. ഒഴിവാക്കാനാവാത്ത കാര്യങ്ങള്‍ക്ക് മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാവൂ.
ജില്ലാ അതിര്‍ത്തികളിലെ ചെക്ക്‌പോസ്റ്റുകളില്‍ 24 മണിക്കൂര്‍ പരിശോധന ആരംഭിക്കും. ജില്ലാ അതിര്‍ത്തികള്‍ പങ്കിടുന്ന തലശ്ശേരി, ഇരിട്ടി, പയ്യന്നൂര്‍ താലൂക്ക് പരിധിയില്‍പ്പെട്ട എല്ലാ ചെക്ക് പോസ്റ്റുകളിലും, റോഡുകളിലും 24 മണിക്കൂര്‍പരിശോധനക്കായി ടീമിനെ നിയോഗിക്കാനാണ് തീരുമാനം. അന്യ ജില്ലകളില്‍ നിന്നും, സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് പ്രവേശിക്കുന്നവര്‍ ആരോഗ്യ സംബന്ധമായതുള്‍പ്പെടെയുള്ള ബന്ധപ്പെട്ട രേഖകള്‍ സഹിതമാണ് പ്രവേശിക്കുന്നതെന്ന് പരിശോധകര്‍ ഉറപ്പ് വരുത്തും. അങ്ങനെ പ്രവേശിക്കുന്നവരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പിന് കൈമാറി ഇവര്‍ ഹോം കൊറൈന്റനില്‍ താമസിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികളും സ്വീകരിക്കും.
യോഗത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ സുമ ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, സബ്കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, എഡിഎം ഇ പി മേഴ്‌സി, അഡീഷണല്‍ എസ്പി പ്രജീഷ് തോട്ടത്തില്‍, ഡിഎംഒ ഡോ. കെ നാരായണ നായക്ക്, ഡിപിഎം ഡോ. കെ വി ലതീഷ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. എം കെ ഷാജ്, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: