വൈദ്യുതി കണക്‌ഷൻ അപേക്ഷ ഓൺലൈൻ വഴി ; പിഴ കൂടാതെ ബിൽ അടയ്‌ക്കാൻ മെയ് മൂന്നുവരെ സാവകാശം

ലഭ്യമായ മുഴുവൻ സർവീസ് കണക്‌ഷൻ അപേക്ഷകളും ഉടൻ തീർപ്പാക്കാൻ കെഎസ്ഇബി. പുതിയ കണക്‌ഷനുള്ള അപേക്ഷ ഓൺലൈനായി സ്വീകരിക്കും. ലോക്ക്‌ഡൗൺ ക്രമീകരണങ്ങളുടെ ഭാഗമായാണ്‌ നടപടി. തിങ്കൾ മുതൽ മീറ്റർ റീഡിങ്‌ തുടങ്ങും. 30നുമുമ്പ് പൂർത്തിയാക്കും.

വീടിനുള്ളിൽ സ്ഥാപിച്ച മീറ്ററുകൾ, ഹോം ക്വാറന്റൈൻ, ഐസൊലേഷനിൽ കഴിയുന്നവരുള്ള വീടുകൾ, സർക്കാരും ജില്ലാഭരണകൂടവും കർശന നിയന്ത്രണം ഏർപ്പെടുത്തിയ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മീറ്റർ റീഡിങ് ഉണ്ടാകില്ല. ഇവിടങ്ങളിൽ മുൻ മാസങ്ങളിലെ ശരാശരി ഉപയോഗം കണക്കാക്കി ബിൽ നൽകും. ഗാർഹികേതര എൽടി ഉപയോക്താക്കൾ ബിൽ തുകയുടെ 70 ശതമാനം സാവകാശ കാലയളവിൽ അടച്ചാൽ മതി. പിഴകൂടാതെ ബിൽ അടയ്‌ക്കാൻ മെയ് മൂന്നുവരെയാണ് സാവകാശം. ഇക്കാലയളവിൽ ഓൺലൈനായി ബില്ലടയ്‌ക്കാം. ഓൺലൈനായി ബില്ലടയ്‌ക്കാനുള്ള വിവിധ മാർഗങ്ങൾ സീനിയർ സൂപ്രണ്ട്, സീനിയർ അസിസ്റ്റന്റ്, കാഷ്യർ എന്നിവർ ഉപയോക്താക്കളെ ഫോണിൽ വിളിച്ച് പരിചയപ്പെടുത്തും.

അക്ഷയ സെന്റർ സേവനം പ്രയോജനപ്പെടുത്താനും നിർദേശിക്കും. ഓൺലൈൻ ഇടപാടിന് സർവീസ് ചാർജ് ഈടാക്കില്ല. വൈദ്യുതി മോഷണം, അപകടം ഒഴികെയുള്ള സാഹചര്യങ്ങളിൽ കണക്‌ഷൻ വിച്ഛേദിക്കില്ല. റെഡ് സോൺ അല്ലാത്ത പ്രദേശങ്ങളിൽ അടിയന്തര സ്വഭാവമുള്ള ഉൽപ്പാദന, പ്രസരണ, വിതരണ നിർമാണ പ്രവൃത്തികൾ ആരംഭിക്കും. അറ്റകുറ്റപ്പണികൾ രാവിലെ എട്ടുമുതൽ പകൽ ഒന്നുവരെ നടത്തും. ഇലക്ട്രിക്കൽ സെക്‌ഷനുകൾ, സബ്സ്റ്റേഷൻ, ഉൽപ്പാദന നിലയം, കോൾ സെന്റർ, ഡാറ്റ സെന്റർ, കൺട്രോൾ റൂം, ലോഡ് ഡെസ്പാച്ച് സെന്റർ എന്നിവ തിങ്കൾമുതൽ പൂർണതോതിൽ പ്രവർത്തിക്കും. മറ്റ് ഓഫീസുകളിൽ ഒാരോ പ്രദേശത്തെയും നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിൽ ജീവനക്കാർ ഹാജരാകുന്നതിലടക്കം ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ക്യാഷ് കൗണ്ടറുകൾ തുറക്കില്ല. വിശദവിവരങ്ങൾക്ക്‌: wss.kseb.in

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: