ആറളം ഫാമിൽ ആനമതിൽ നിർമ്മാണത്തിന് 53 കോടി

0


ഇരിട്ടി: ആറളം ഫാമിൽ വന്യജീവി സങ്കേതം അതിർത്തിയിൽ ആന മതിൽ നിർമ്മിക്കാൻ 22 കോടിക്ക് ഭരണാനുമതി. തിരുവനന്തപുരത്ത് സ്പീക്കർ എ.എൻ. ഷംസീർ വിളിച്ചുചേർത്ത ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ, വനം-വന്യജീവി വകുപ്പുമന്ത്രി എ. കെ. ശശീന്ദ്രന്‍, സണ്ണി ജോസഫ് എംഎല്‍എ, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരായ ബെന്നിച്ചന്‍ തോമസ്, ഗംഗ സിംഗ്, വനം വകുപ്പുിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
ആന പ്രതിരോധ മതില്‍ പണിയുന്നതുമായി ബന്ധപ്പെട്ട് 53,23,40,000/- (അമ്പത്തിമൂന്ന് കോടി ഇരുപത്തിമൂന്ന് ലക്ഷത്തി നാല്പതിനായിരം) രൂപയില്‍ 22 കോടി രൂപക്കാണ് ഭരണാനുമതി ലഭിച്ചത്. ബാക്കി തുക അനുവദിക്കുന്നതിനായി ചൊവ്വാഴ്ച തന്നെ സ്പെഷ്യല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് ചേരുന്നതിനായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ധനകാര്യ വകുപ്പുമന്ത്രി യോഗത്തെ അറിയിച്ചു. കേരളത്തിലെ ആകെ വന്യമൃഗ ആക്രമണത്തിന്റെ ഭാഗമായുള്ള നഷ്ട പരിഹാരത്തിനായി 19 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ചത്തെ യോഗത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച തന്നെ സ്പെഷ്യല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് ചേരണമെന്നും നഷ്ടപരിഹാരമായി അനുവദിച്ച തുകയില്‍ നഷ്ടപരിഹാരം നല്‍കുന്നതിനുപുറമേ താല്‍ക്കാലിക ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്നും കാട്ടാന ആക്രമണത്തില്‍ മരിച്ച രഘുവിന്റെ മകളുടെ പഠനം ട്രൈബല്‍ വകുപ്പ് ഏറ്റെടുക്കണമെന്നും സ്പീക്കര്‍ നിര്‍ദ്ദേശിച്ചു. ആറളം മേഖലയില്‍ ഭാവിയില്‍ വന്യജീവി ആക്രമണം തടയുന്നതിനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഊർജ്ജിത നടപടികള്‍ സ്വീകരിക്കുമെന്ന് വനം വകുപ്പുമന്ത്രി അറിയിച്ചു. ആനപ്രതിരോധ മതില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം സഭാ സമ്മേളനക്കാലയളവില്‍ തന്നെ വിളിച്ചുചേര്‍ക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു. ബ്ലോക്ക് പത്തിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട കണ്ണാ രഘുവിന്റെ വീട് സന്ദര്‍ശിച്ചിരുന്നതായും ഭാവിയില്‍ വന്യജീവി ആക്രമണത്തില്‍ ജീവഹാനി ഉണ്ടാകാതിരിക്കാനുള്ള ഊർജ്ജിത ശ്രമങ്ങള്‍ക്കായി വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനമുണ്ടാകണമെന്നും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളതായും സ്പീക്കര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: