പയ്യന്നൂർശ്രീ കാപ്പാട്ട് കഴകംആചാരം കൈകൊള്ളൽ ചടങ്ങ് 22ന്

പയ്യന്നൂർ.ശ്രീകാപ്പാട്ട് കഴകം ആചാരം കൈകൊള്ളൽ ചടങ്ങ് 22ന്ബുധനാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.അടുത്ത വർഷം ബ്രഹ്മകലശത്തിനും പെരുങ്കളിയാട്ടത്തിനുമൊരുങ്ങുന്ന ശ്രീകാപ്പാട്ട് കഴകത്തിൽ നാല് കഴകഊരായ്മ തറവാട്ട് കാരണവന്മാർ ക്ഷേത്രേശ ആചാരം ബുധനാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെയുള്ള ചടങ്ങിൽ കൈയേൽക്കും.പുളുക്കൂൽ തറവാട്ട് കാരണവരായി കുന്നരുവിലെ പുളുക്കൂൽ വീട്ടിൽ ദാമോദരൻ എന്നവരും, കാടൻ തറവാട്ട് കാരണവരായി കരിവെള്ളൂരിലെ കാടൻ വീട്ടിൽ ബാലകൃഷ്ണൻ എന്നവരും, മണക്കാട്ട് തറവാട്ട് കാരണവരായി കരിവെള്ളൂർ പലിയേരിയിലെ മണക്കാട്ട് വീട്ടിൽ നാരായണൻ എന്നവരും കുന്നുമ്മൽതറവാട്ട് കാരണവരായി
ഏറ്റുകുടുക്കയിലെ കുന്നുമ്മൽ വീട്ടിൽ ശശി മോഹനൻ എന്ന വരുമാണ് ക്ഷേത്രാചാരം കൈയേൽക്കുന്നത്. ബുധനാഴ്ച രാവിലെ 9.30 മണിയോടെ പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും കലശം കുളിച്ചു വരുന്നതോടെ ആചാരപ്പെടൽ ചടങ്ങ് ആരംഭിക്കും.വിവിധ ക്ഷേത്രങ്ങളിൽ നിന്നെത്തുന്ന ആചാര സ്ഥാനികർക്കൊപ്പം ആചാരം കൈകൊണ്ട സ്ഥാനികരെ ഇരുത്തി കാരയപ്പവും പഴവും വിളമ്പും .അവരവരുടെ ഭാര്യമാരാണ് ഈ കർമ്മം നിർവ്വഹിക്കുക. അപ്പം വിളമ്പുന്ന ഭാര്യമാർക്ക് താലിക്കെട്ട് നടത്തുന്നതോടെ ചടങ്ങുകൾ അവസാനിക്കും. വാർത്താ സമ്മേളനത്തിൽ പി.കെ.മുരളീദാസ് ,ടി.കെ.വേണു.അഡ്വ.എം.വി.അമരേശൻ, കണ്ണോത്ത് ജനാർദ്ദനൻ, ടി.വി.രാഘവൻ, വി.രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.