ലോക സമാധാന സന്ദേശമുയർത്തി യുദ്ധവിരുദ്ധ ജലശയനം


ലോക സമാധാന സന്ദേശമുയർത്തി പയ്യന്നൂരിൽ യുദ്ധവിരുദ്ധ ജലശയനം. ജില്ലാപഞ്ചായത്തിന്റെയും ചാൾസൺ സ്വിമ്മിംങ്ങ് അക്കാദമിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ജലശയനം രാമന്തളി ഏറൻ പുഴയിൽ എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മാനവരാശിക്കെതിരായ യുദ്ധവും ഹിരോഷിമയും നാഗസാക്കിയുമല്ല നമുക്ക് വേണ്ടതെന്നും യുദ്ധമില്ലാത്ത ലോകത്തിനും ലോക സമാധാനത്തിനുമായുള്ള പോരാട്ടം നമുക്കേറ്റെടുക്കാമെന്നും എംഎൽഎ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം സി.പി. ഷിജു, രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഷൈമ, സാമൂഹ്യ സാംസ്‌കാരിക-രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.നീലേശ്വരത്തെ ടി.സനോജ്- പ്രീതി ദമ്പതികളുടെ മകളായ അഞ്ചുവയസുകാരി സിയാഷി, മാവിച്ചേരിയിലെ 74- കാരനായ കെ. ബാലകൃഷ്ണൻ, പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ ഡോ.അബ്ദുൾ ജലീൽ എന്നിവരുൾപ്പെടെ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു. ആവേശത്തോടെയാണ് യുദ്ധവിരുദ്ധ സന്ദേശവുമായി ഇവർ പരിപാടിയിൽ അണി ചേർന്നത്.നീന്തലിലെ ലോക റെക്കോർഡ് താരവും ടൂറിസം ലൈഫ്ഗാർഡുമായ ചാൾസൺ ഏഴിമലയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയും നേതൃത്വം നൽകി. യുദ്ധത്തിനെതിരെയുള്ള സന്ദേശങ്ങൾ രേഖപ്പെടുത്തിയ പ്ലകാർഡുകളുമായി കുട്ടികളുൾപ്പെടെയുള്ളവരോടൊപ്പം വിശിഷ്ടാതിഥികളും അണിനിരന്നാണ് യുദ്ധത്തിനെതിരായ സന്ദേശം പകർന്നു നൽകിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: