പത്രിക തള്ളിയതോടെ പുറത്തുവന്നത് ബിജെപിയും കോണ്‍ഗ്രസും തമ്മിലുളള അന്തര്‍ധാര – എം.വി.ജയരാജൻ

കണ്ണൂർ: തലശ്ശേരിയിലെ ബിജെപി സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളിയതോടെ ബിജെപിയും കോൺഗ്രസും തമ്മിലുളള അന്തർധാരയാണ് മറനീക്കി പുറത്തുവരുന്നതെന്ന് സി.പി.എം.കണ്ണൂർ ജില്ലാസെക്രട്ടറി എം.വി.ജയരാജൻ. അശ്രദ്ധമൂലമുണ്ടായ പിഴവുമൂലമാണ് നാമനിർദേശ പട്ടിക തളളിയതെന്ന് കരുതാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

തലശ്ശേരിയുടെ കാര്യത്തിൽ മറ്റുമണ്ഡലങ്ങളിൽ സമർപ്പിച്ചതുപോലുളള അധികാര പത്രം സമർപ്പിച്ചില്ല. അതിനുപകരം കളർ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് സമർപ്പിച്ചത്. അതുകൊണ്ടാണ് നാമനിർദേശ പത്രിക തളളുന്നത്. അതൊടൊപ്പം എല്ലാ രാഷ്ട്രീയ പാർട്ടികളും ചെയ്യുന്നതുപോലെ ഡമ്മി സ്ഥാനാർഥിയുടെ കാര്യത്തിൽ അതും തളളപ്പെടുകയാണ് ഉണ്ടായത്. അത് എങ്ങനെ സംഭവിച്ചു എന്ന് ബിജെപിയാണ് വ്യക്തമാക്കേണ്ടത്.

പക്ഷേ ബിജെപി എത്രമാത്രം വ്യക്തമാക്കിയാലും കണ്ണൂർ ജില്ലയിലെ മറ്റുമണ്ഡലങ്ങളിൽ ബിജെപി മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് വേണ്ടി ഫോം എയും ഫോം ബിയും ദേശീയ-സംസ്ഥാന അധ്യക്ഷന്മാർ ശരിയായ വിധത്തിൽ നാമനിർദേശ പത്രികയോടൊപ്പം അധികാര പത്രം സമർപ്പിച്ചപ്പോൾ എന്തുകൊണ്ട് ജില്ലാ പ്രസിഡന്റുകൂടിയായ ഹരിദാസിന്റെ നോമിനേഷനോടൊപ്പം ചട്ടപ്രകാരമുളള അധികാര പത്രം സമർപ്പിച്ചില്ല. മറ്റുമണ്ഡലങ്ങളിൽ ശരിയായ വിധത്തിൽ സമർപ്പിക്കാമെങ്കിൽ തലശ്ശേരിയിലും സമർപ്പിക്കാമല്ലോ.

ഇത് സംബന്ധിച്ച് ബിജെപി നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയതായി അറിയുന്നു. അതിനുളള അവകാശം ബിജപിക്കും സ്ഥാനാർഥിക്കും ഉണ്ട്. എന്നാൽ തങ്ങളുടെ നോമിനേഷൻ തളളാൻ ഇടവരുത്തുന്ന വിധത്തിൽ ഒരു നോമിനേഷൻ സമർപ്പിക്കുക എന്നുളളത് അശ്രദ്ധ മൂലം സംഭവിച്ചതാണെന്ന് വിശ്വസിക്കാൻ ആർക്കും കഴിയില്ല.- ജയരാജൻ പറഞ്ഞു.

കോൺഗ്രസും ബിജെപിയും തമ്മിലുളള അന്തർധാര സംശയിക്കത്തക്ക നിലയിലുളള സാഹചര്യമാണ് ഉളളത്. ധർമടത്ത് കെപിസിസി അധ്യക്ഷനെ സ്ഥാനാർഥിയാക്കാൻ ഹൈക്കമാൻഡ് ആലോചിച്ചതായി വാർത്ത വന്നിരുന്നു. എന്നാൽ താൻ മത്സരരംഗത്തുണ്ടാവില്ലെന്ന് വ്യക്തമാക്കി അദ്ദേഹം തന്നെ രംഗത്തെത്തി. ഇതൊരു ഒളിച്ചോട്ടമാണ്. എന്നാൽ ഒളിച്ചോട്ടം മാത്രമാണെന്ന് തലശ്ശേരിയിലെ ബിജെപിയുടെ സ്ഥാനാർഥി പട്ടിക തളളിയ സാഹചര്യത്തിൽ തോന്നുന്നില്ല. മുഖ്യമന്ത്രിക്കെതിരായി ശക്തനായ സ്ഥാനാർഥിയെ നിർത്തുമെന്ന് കൊട്ടിഗ്ഘോഷിച്ച കോൺഗ്രസ് അപ്രധാന സ്ഥാനാർഥിയെയാണ് നിർത്തിയിരിക്കുന്നതെന്നും ആരോപിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: