കൊറോണയെ തുടർന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവ്; വിമാനത്താവളം വിജനം, വിമാനങ്ങളുടെ എണ്ണവും കുറവ്

കൊറോണ വൈറസ് ബാധയെ തുടർന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിരിക്കുന്നത്. സാധാരണ മുഴുവൻ സമയവും യാത്രക്കാരും അവരെ കൊണ്ടുവിടാനും കൂട്ടാനും എത്തുന്ന ആളുകളെയും കൊണ്ട് വിമാനത്താവളം നിറഞ്ഞിരിക്കാറാണ് പതിവ്. എന്നാൽ ഇപ്പോൾ വിമാനത്താവളത്തെ യാത്രയ്ക്കായി ആശ്രയിക്കുന്നത് ചുരുങ്ങിയ ആളുകൾ മാത്രമാണ്. മിക്ക സമയവും വിമാനത്താവളം ജനങ്ങളില്ലാതെ വിജനമാണ്. വളരെ അത്യാവശ്യക്കാരായ വിരലിലെണ്ണാവുന്നവർ മാത്രമാണ് എത്തുന്നത്. അത് കഴിഞ്ഞാൽ വീണ്ടും പഴയ പേടിയാകും. ഉദ്ഘാടനം കഴിഞ്ഞു രണ്ടാം വർഷത്തേക്കുള്ള യാത്ര ആരംഭിക്കുമ്പഴേക്കും വലിയ സാമ്പത്തിക പ്രതിസന്ധിയാവും വിമാനത്താവളത്തെ കാത്തിരിക്കുന്നത്. യാത്രക്കാരെ കൊണ്ടുവിടാനും കൂട്ടാനും എത്തുന്ന വാഹനങ്ങളിൽ രണ്ടിൽ കൂടുതൽ ആളുകൾ പാടില്ലെന്ന സർക്കാർ നിർദേശം വന്നതോടെ പ്രധാനകവാടത്തിൽ പരിശോധനയ്ക്ക് ശേഷം മാത്രമെ വാഹനങ്ങളെ പോലീസ് കയറ്റിവിടുന്നുള്ളു. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിവിധ വിദേശ രാജ്യങ്ങൾ തങ്ങളുടെ വ്യോമാതിർത്തി അടച്ചതോടെ വിമാനങ്ങളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ്സ് മാത്രമേ ഇപ്പോൾ അന്താരാഷ്ട്ര സർവീസ് നടത്തുന്നുള്ളു.