7 വർഷത്തിന് ശേഷം നിർഭയക്ക് നീതി; കുറ്റവാളികളെ തൂക്കിലേറ്റി

രാജ്യ മനസാക്ഷിയെ ഞെട്ടിച്ച നിർഭയ കേസിലെ വിധി നടപ്പിലാക്കി. രാവിലെ 5:30 ഓടെ കുറ്റവാളികളെ നാലു പേരെയും തൂക്കിലേറ്റി. 2012 ഡിസംബർ 16-നു രാത്രിയിൽ ഓടുന്ന ബസിൽവെച്ച് പാരാമെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത്, അതിക്രൂരമായി ഉപദ്രവിച്ചു കൊലപ്പെടുത്തിയ കേസിലാണ് മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31) എന്നിവരെ തൂക്കിലേറ്റിയത്.

ജനുവരി 22-നും പിന്നീട് ഫെബ്രുവരി ഒന്നിനും മാർച്ച് മൂന്നിനും ശിക്ഷ നടപ്പാക്കാൻ വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, പ്രതികളുടെ ദയാഹർജികളും തിരുത്തൽഹർജികളും തീർപ്പാകാത്തതിനാൽ മൂന്നുതവണയും വാറന്റ് റദ്ദാക്കി. അതിനിടെ നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ദില്ലിയില്‍ അര്‍ധരാത്രി നാടകീയ രംഗങ്ങള്‍ ആണ് അരങ്ങേറിയത്. രാത്രിയിൽ ദില്ലി ഹൈക്കോടതി പ്രതികളുടെ ഹര്‍ജി തളളിയതിന് പിന്നാലെ കേസ് സുപ്രീം കോടതിക്ക് മുന്നിലെത്തി. പാതിരാത്രിയോടെയാണ് പ്രതികളുടെ അഭിഭാഷകനായ എപി സിംഗ് സുപ്രീം കോടതി രജിസ്ട്രാരുടെ വസതിയില്‍ എത്തി കേസ് പരിഗണിക്കാൻ ആവശ്യപ്പെട്ടത്. ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കുറ്റവാളികളുടെ ഹർജിയിൽ കഴമ്പില്ലെന്ന് പറഞ്ഞു കൊണ്ട് സുപ്രീം കോടതി ഹർജി തള്ളിയതോടെയാണ് വധശിക്ഷ നടപ്പിലാക്കാൻ കളമൊരുങ്ങിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: