‘രാജ്യത്തെ വംശഹത്യക്ക് വിട്ടുനൽകില്ല ‘: കാംപസ് ഫ്രണ്ട് സെമിനാർ സംഘടിപ്പിച്ചു


കണ്ണൂർ: ‘രാജ്യത്തെ വംശഹത്യക്ക് വിട്ടുനൽകില്ല ‘ എന്ന പ്രമേയത്തിൽ കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. രാവിലെ 10.30ന് കണ്ണൂർ ചേംബർ ഹാളിൽ നടന്ന സെമിനാർ കാംപസ് ഫ്രണ്ട് ദേശീയ ജന. സെക്രട്ടറി അശ്വാൻ സാദിഖ് ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ വംശഹത്യയിലേക്ക് തള്ളിവിടുന്ന സംഘപരിവാർ ശക്തികൾക്കെതിരെ വിദ്യാർഥികൾ രംഗത്തുവരണമെന്നും ഭരണഘടനാ സങ്കല്പങ്ങൾ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യാ രാജ്യം വംശഹത്യക്ക് കളമൊരുക്കുന്ന കാഴ്ചയാണ് കാണുന്നത്. ഭരണകൂട സ്പോൺസർഷിപ്പിൽ ആയിരിക്കും ഇത്തരം നീക്കങ്ങൾ ഇനി നടക്കാനിരിക്കുന്നത്. അതിനാൽ അത്തരം നീക്കങ്ങൾ തുടക്കത്തിലേ തിരിച്ചറിഞ്ഞുകൊണ്ടു തടയാൻ മുന്നോട്ട് വരേണ്ടത് വിദ്യാർത്ഥികളാണ്. ലോകാടിസ്ഥാനത്തിൽ തന്നെ വംശഹത്യക്കൾക്ക് ഒരു രാഷ്ട്രീയമുണ്ട്. സമൂഹങ്ങൾക്കിടയിൽ വിവേചനങ്ങളും വിദ്വേഷവും ജനിപ്പിച്ചുകൊണ്ട് ഇല്ലായ്മ ചെയ്യുക എന്നതാണ് അതിൽ പ്രധാനം. ഊഹാപോഹങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിച്ചു ജനങ്ങളിൽ ഭിന്നിപ്പ് ഉണ്ടാക്കി കലാപങ്ങൾ ഉണ്ടാക്കുക എന്നതാണ് വംശഹത്യ നടത്തുന്നവരുടെ അജണ്ട. അത് ജനകീയ പ്രതിരോധങ്ങളിലൂടെയും ഒത്തൊരുമിച്ചുള്ള പ്രതിഷേധങ്ങളിലൂടെയുമെ തടയാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം മിസ്ഹബ് എൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സെബ ഷിരീൻ വിഷയാവതരണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. സി പി അജ്മൽ, കണ്ണൂർ ജില്ലാ പ്രസിഡന്റ് ഉനൈസ് സി കെ, വൈസ് പ്രസിഡന്റ് അമീറ ഷിറിൻ പങ്കെടുത്തു.