ഇത് ചരിത്രം 195 പേരവര്‍ ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 195 കായിക താരങ്ങള്‍ക്ക് നിയമന ഉത്തരവ് ഒരുമിച്ച് നല്‍കി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമന ഉത്തരവ് കൈമാറിയത്. 2010 മുതല്‍ 14 വരെയുള്ള അഞ്ച് വര്‍ഷകാലത്തെ സ്‌പോട്‌സ് ക്വാട്ട റാങ്കില്‍ നിന്നാണ് നിയമനം. കായിക മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷനായ ചരിത്ര മൂഹൂര്‍ത്തത്തിന് ആയിരങ്ങള്‍ സാക്ഷ്യം വഹിച്ചു.ഇതോടെ ഈ സര്‍ക്കാര്‍ മൂന്നര വര്‍ഷത്തിനിടെ നിയമനം നല്‍കിയവരുടെ എണ്ണം 440 ആയി. കഴിഞ്ഞ സര്‍ക്കാരിന്റെ അഞ്ചുവര്‍ഷക്കാലം 110 താരങ്ങള്‍ക്ക് മാത്രമാണ് ജോലി ലഭിച്ചത്.

കായിക മികവിനുള്ള അംഗീകാരം താരങ്ങളുടെ അവകാശമാണ്. ഇത് തിരിച്ചറിഞ്ഞുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കഴിവ് തെളിയിച്ച കായിക താരങ്ങള്‍ക്ക് പരിശീലനത്തിന് സഹായം നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചു. ദുരിതത്തില്‍ കഴിയുന്ന മുന്‍കാല താരങ്ങളെയും ഗൗരവമായി പരിഗണിച്ചു. ദേശീയ മീറ്റുകളില്‍ പങ്കെടുക്കാന്‍ മറ്റു സംസ്ഥാനങ്ങളിലേക്കു പോകുന്ന കുട്ടികളുടെ യാത്രാസൗകര്യത്തിലും വലിയ മാറ്റമുണ്ടായി. ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ഗെയിംസില്‍ ടീമിനത്തില്‍ വെള്ളി വെങ്കലം മെഡലുകള്‍നേടിയ 83 കായിക താരങ്ങള്‍ക്ക് എല്‍ഡി തസ്തികയില്‍ ഉടന്‍ നിയമനം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. നാടിനായി നേട്ടങ്ങള്‍ കൊയ്ത താരങ്ങള്‍ക്ക് മികച്ച ജീവിത മാര്‍ഗ്ഗം നല്‍കുക എന്നത് നിര്‍ബന്ധമായും നിര്‍വഹിക്കേണ്ട കര്‍ത്തവ്യമാണെന്ന് കായിക മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.

കായികമേഖല്ക്ക് വലിയ പ്രാധാന്യമാണ് ഈ സര്‍ക്കാര്‍ നല്‍കിയത്. സന്തോഷ് ട്രോഫി കിരീടം ചൂടിയ കേരളാ ടീമിലെ ജോലിയില്ലാതിരുന്ന 11 താരങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഇതിനോടകം ജോലിയില്‍ പ്രവേശിച്ചിരുന്നു. ഒപ്പം കേരളാ പോലീസില്‍ 58 കായികതാരങ്ങളും നിയമിതരായി. കായിക അടിസ്ഥാനസൗകര്യ വികസനത്തിലും അഭൂതപൂര്‍വമായ വളര്‍ച്ചയാണ് കേരളം കൈവരിക്കുന്നത്. സ്‌കൂള്‍ തലത്തിലെ കായികപ്രോത്സാഹനത്തിനും വിപുലമായ പദ്ധതികളും പരിപാടികളും നടപ്പാക്കുകയാണ്.

തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ അവിനാശിയിലുണ്ടായ അപകടത്തില്‍ ജീവന്‍പൊലിഞ്ഞവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയാണ് ചടങ്ങുകള്‍ തുടങ്ങിയത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടന്‍, കായിക വകുപ്പ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്ജ് ഐ എ എസ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു ഐഎഎസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന്‍കുമാര്‍ ഐഎഫ്എസ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ആര്‍ ജ്യോതിലാല്‍ ഐഎഎസ് സ്വാഗതം പറഞ്ഞു. കായിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ് ഐഎഎസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ഫുട്‌ബോള്‍ താരം ഐഎം വിജയന്‍, കായിക താരങ്ങള്‍, സ്‌പോട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍, സ്‌പോട്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവരും ചടങ്ങുകള്‍ക്ക് സാക്ഷികളായി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: