മേയര്‍ക്കെതിരായ സംഭവം: സിപിഎം അക്രമ രാഷ്ട്രീയത്തിന്റെ തുടര്‍ച്ച: കെ.സുധാകരന്‍

കണ്ണൂര്‍: മേയര്‍ സുമ ബാലകൃഷ്ണനെ സിപിഎം കൗണ്‍സിലര്‍മാര്‍ ആക്രമിച്ച സംഭവം വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിഷയമാക്കുമെന്ന് കെ.സുധാകരന്‍ എംപി. സിപിഎം അക്രമ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണിത്. മേയര്‍ക്കെതിരായ അക്രമം ചൂണ്ടിക്കാട്ടി വോട്ടു തേടുമെന്നും അക്രമ രാഷ്ട്രീയത്തിനെതിരായ നിലപാട് തുടരുമെന്നും കെ.സുധാകരന്‍ വ്യക്തമാക്കി. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ രാവിലെയാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ വച്ച് പ്രതിപക്ഷ അംഗങ്ങള്‍ മേയറെ കയ്യേറ്റം ചെയ്തത്. ചവിട്ടേറ്റ മേയര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മേയറുടെ ഗൗണ്‍ വലിച്ചൂരാനും ശ്രമമുണ്ടായി. കോര്‍പ്പറേഷന്‍ ഓഫീസിലെ ജീവനക്കാരുടെ സമരം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ അംഗങ്ങള്‍ മേയറെ കാണാന്‍ എത്തിയത്.
വിഷയം കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് മേയര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷ അംഗങ്ങള്‍ അംഗീകരിച്ചില്ല. തുടര്‍ന്നാണ് തര്‍ക്കവും കയ്യേറ്റവുമുണ്ടായത്. ഭരണപക്ഷ അംഗങ്ങള്‍ കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങളും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.ഡെപ്യൂട്ടി മേയർ പി കെ രാഗേഷ്,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ടി മോഹനൻ, കൗൺസിലർ സി സമീർ , വി കെ അബ്ദുൽ ഖാദർ മൗലവി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: