കോയമ്പത്തൂരിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍ പെട്ടു, 20 മരണം; 23 പേർക്ക് പരുക്ക്

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ അവിനാശിയില്‍ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ മരിച്ചു.

പുലര്‍ച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി അപകടത്തില്‍ പെട്ടത്. 10 പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അഞ്ച് സ്ത്രീകളും 14 പുരുഷന്മാരുമാണ് മരിച്ചത്. 23 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകര്‍ന്ന നിലയിലാണെന്നാണ്.

കണ്ടെയ്‌നര്‍ ലോറിയുടെ ടയര്‍ പൊട്ടിയതാണ് അപകടമുണ്ടാകാന്‍ കാരണമെന്ന് സൂചനയുണ്ട്. ടയര്‍ പൊട്ടിയ ലോറി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവറും കണ്ടക്ടറും മരിച്ചു. ടി.ഡി. ഗിരീഷ്, ബൈജു എന്നിവരാണ് മരിച്ചതെന്നാണ് വിവരം. പരിക്കേറ്റവരെ അവിനാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എറണാകുളം ഡിപ്പോയിലെ വാഹനമാണ് അപകടത്തില്‍ പെട്ടത്. 48 പേരായിരുന്നു ബസിലുണ്ടായിരുന്നത്. ബസില്‍ ഏറെയും മലയാളികളായിരുന്നു യാത്രക്കാരെന്നാണ് സൂചന.

തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് മരിച്ചവരുടെ മൃതദേഹങ്ങള്‍ മാറ്റി. ഇവരില്‍ മലയാളികള്‍ ഉണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. അപകടം നടന്നത് നഗരത്തില്‍ നിന്ന് വളരെ അകലെ ആയിരുന്നതിനാലും അര്‍ധ രാത്രിയിലായിരുന്നതിനാലും രക്ഷാപ്രവര്‍ത്തനം വൈകിയാണ് തുടങ്ങിയത്. ആദ്യം തദ്ദേശവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. പിന്നീട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘവും പോലീസും സ്ഥലത്തെത്തി.

സേലത്ത് വെച്ച് നടന്ന മറ്റൊരു അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചിട്ടുണ്ട്. നേപ്പാളില്‍ നിന്ന് വന്ന ടൂറിസ്റ്റ് ബസും ലോറിയുമാണ് സേലത്ത് കൂട്ടിയിടിച്ചത്. അപകടത്തില്‍ അഞ്ച് നേപ്പാള്‍ സ്വദേശികളാണ് മരിച്ചത്‌. 23പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: