ഇരിട്ടി പട്ടണത്തിൽ ആരോഗ്യവിഭാഗത്തിന്റെ പരിശോധന – മാലിന്യം പഴശ്ശി സംഭരണിയിലേക്ക് ഒഴുക്കിയ കൂൾബാറിനെതിരെ നടപടി

ഇരിട്ടി: ഇരിട്ടി ടൗണിൽ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴശ്ശി ജലസംഭരണിയിലേക്ക് പൈപ്പ് വഴി മലിനജലം ഒഴുക്കുന്നതായി കണ്ടെത്തി. ഇതേ തുടർന്ന് പഴയ സ്റ്റാൻഡിലെ ഇട്ടൻസ് കുൾബാർ താൽക്കാലികമായി അടച്ചു പൂട്ടാൻ അധികൃതർ നിർദേശം നൽകി. മലിന ജല പ്രശ്‌നം പരിഹരിച്ച ശേഷം കട തുറന്നാൽ മതിയെന്നാണ് നിർദേശം.

പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ഓവുചാൽ വഴി പഴശ്ശി പദ്ധതിയിലേക്ക് വ്യാപകമായി മലിന ജലം ഒഴുക്കി വിടുന്നതായുള്ള പരാതിയെ തുടർന്നാണ് നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കെ . കുഞ്ഞിരാമന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്ക് എത്തിയത്. ഓവുചാലിൽ ജലനിരപ്പ് താഴ്ന്നതിനാൽ ഭൂമിക്കടിയിൽ 2 അടി താഴ്ചയിൽ പെട്ടന്ന് ജനശ്രദ്ധ പതിയാത്ത വിധം സ്ഥാപിച്ച പൈപ്പിൽ നിന്ന് മലിന ജലം ഒഴുക്കുന്നത് കാണാമായിരുന്നു. 50 മീറ്ററിലധികം ദൂരത്തിലുള്ള കുൾബാറിൽ നിന്നായിരിക്കാമെന്ന് നിഗമനത്തിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഇവർ നിഷേധിച്ചെങ്കിലും അധികൃതർ പാത്രങ്ങൾ കഴുകി വിടുന്ന ബേസിനിലേക്ക് ആദ്യം കുങ്കുമം കലർത്തിയ വെള്ളം ഒഴിച്ചു . അൽപ സമയത്തിനകം ഓവൂചാലിലേക്ക് വീഴുന്ന വെള്ളംചുവന്ന കളറിലായി. തുടർന്ന് സൂപ്പർവൈറ്റ് കലക്കിയ വെള്ളവും ഒഴിച്ചു. ഇതും ഒഴുകിയെത്തിയത് ഓവുചാലിലേക്ക് തന്നെ ആയിരുന്നു. അധികൃതർ തെളിവിനായി ഈ രണ്ടു കളറിലുള്ള വെള്ളവും കുപ്പികളിൽ ശേഖരിച്ചു. തുടർന്നാണ് സ്ഥാപനം നാളെ മുതൽ തുറക്കേണ്ടന്ന് നിർദേശിച്ചത്.

ഈ മേഖലയിൽ മറ്റൊരു സ്ഥാപനത്തിൽ നിന്ന് സംഭരണിയിലേക്ക് പൈപ്പ് സ്ഥാപിച്ചതും ലോഡ് കണക്കിന് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കൂടിയിട്ടതും കണ്ടെത്തി. ആവശ്യമായ സജ്ജീകരണത്തോടെ അടുത്ത ദിവസങ്ങളിൽ വിശദമായ പരിശോധന നടത്താനാണ് നഗരസഭാ തീരുമാനം. ജെ എച്ച്‌ ഐ പി.വി. അനിൽകുമാർ, സാനിറ്ററി വർക്കർമാരായ ഇ. അനിൽകുമാർ, പി. സന്തോഷ് എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നൽകി. വ്യാപാരി നേതാക്കളായ അയൂബ് പൊയിലൻ, എം.അസൂട്ടി, ടി.നാസർ, കെ. മുരളീധരൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആരോഗ്യവിഭാഗം പരിശോധന. നഗരം പൂർണമായും മാലിന്യ – പ്ലാസ്റ്റിക് വിമുക്തമാക്കുക എന്നതാണ് ലക്ഷ്യം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: