മലനാട്-മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും

മലനാട്-മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയിലെ കേന്ദ്ര പദ്ധതി സ്വദേശ് ദർശൻ സ്‌കീം നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് ആറു മണിക്ക്‌ തളിപ്പറമ്പ് കുപ്പത്ത് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അൽഫോൺസ് കണ്ണന്താനം നിർവഹിക്കും. പി.കെ. ശ്രീമതി ടീച്ചർ എം.പി അധ്യക്ഷത വഹിക്കും. പി. കരുണാകരൻ എം.പി മുഖ്യപ്രഭാഷണം നടത്തും.

പദ്ധതിയുടെ ആദ്യഘട്ടമായി സ്വദേശ് ദർശൻ സ്‌കീമിലുൾപ്പെടുത്തി വളപട്ടണം നദിയിൽ വളപട്ടണത്തിൽ നിന്നാരംഭിച്ച് പറശ്ശിനിക്കടവിലൂടെ മലപ്പട്ടം മുനമ്പ് കടവ് വരെയുള്ള മുത്തപ്പൻ ആൻഡ് മലബാറി ക്യുസീൻ ക്രൂയിസ്, വളപട്ടണത്ത് നിന്നും തെക്കുമ്പാട് വഴി പഴയങ്ങാടി വരെയുള്ള തെയ്യം ക്രൂയിസ്, പഴയങ്ങാടി മുതൽ കുപ്പം വരെയുള്ള കണ്ടൽ ക്രൂയിസ് എന്നിവയ്ക്ക് 80.37 കോടി രൂപ കേന്ദ്ര വിനോദസഞ്ചാര വകുപ്പ് അനുവദിച്ചിട്ടുണ്ട്. ബോട്ട് ജെട്ടി/ ടെർമിനൽ എന്നിവയുടെ നിർമ്മാണച്ചുമതല ഇൻലാൻഡ് നാവിഗേഷനെയും അനുബന്ധ നിർമ്മാണ പ്രവർത്തനചുമതല കേരള ഇലക്ട്രിക്കൽസ് ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 

വളപട്ടണം നദിയിലെ ഭഗത് സിംഗ്, കൊളച്ചേരി, സിഎച്ച്, പാമ്പുരുത്തി, എ കെ ജി ദ്വീപുകളിലും മലപ്പട്ടം മുനമ്പ് കടവിലും സഞ്ചാരികൾക്ക് എത്തിച്ചേരാനും പ്രകൃതി ഭംഗി ആസ്വദിക്കുവാനും വേണ്ടി 40.95 കോടി രൂപയുടെ പ്രവർത്തനങ്ങൾക്കാണ് അനുമതി ലഭിച്ചത്. ഓരോ ദ്വീപുകകളും ഓരോ തീമുകളുടെ അടിസ്ഥാനത്തിൽ പ്രകൃതിയോടിണങ്ങിയ വിധത്തിലുള്ള വികസന പ്രവർത്തനങ്ങളാവും നടപ്പിലാക്കുക. പാമ്പുരുത്തി ദ്വീപിനെ ഉത്തരവാദിത്ത ടൂറിസം ഗ്രാമമാക്കി മാറ്റുവാനും പദ്ധതിയിൽ നിർദ്ദേശിച്ചിട്ടുണ്ട്.

വളപട്ടണത്ത് നിന്ന് സ്ത്രീ തെയ്യങ്ങളുടെ നാടായ തെക്കുമ്പാട് ദീപിലൂടെ പഴയങ്ങാടി വരെ നീളുന്ന യാത്രാ പഥമാണ് തെയ്യം ക്രൂയിസ്. സഞ്ചാരികൾക്ക് സ്ത്രീ തെയ്യം കാണാനുള്ള സൗകര്യവും തെക്കുമ്പാട് ദ്വീപിനെ ഉത്തരവാദിത്വ ടൂറിസം ഗ്രാമമാക്കി മാറ്റാനും നദിക്കരയിലെ അനുബന്ധ സൗകര്യങ്ങൾക്കും വേണ്ടി 17.98 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്.

ഇരുവശത്തും കണ്ടൽ സമൃദ്ധമായ കുപ്പം നദിയിൽ കൂടിയുള്ള, പ്രകൃതി രമണീയമായ കണ്ടൽ ക്രൂയിസ പഴയങ്ങാടിയിൽ നിന്നാരംഭിച്ച് കുപ്പത്ത് അവസാനിക്കും. കണ്ടലുകളെ കുറിച്ച് പഠിക്കാനും മലബാറിന്റെ നെല്ലറയായ ഏഴോത്തിന്റെയും അനുബന്ധ ഗ്രാമങ്ങളുടെയും പ്രത്യേകതകൾ സഞ്ചാരികൾക്ക് മുന്നിലവതരിപ്പിക്കുവാനായി 17.60 കോടി രൂപയുടെ പ്രവർത്തനങ്ങളായിരിക്കും നടപ്പിൽ വരിക. വളപട്ടണം നദി, കുപ്പം നദി, മാഹി നദി, അഞ്ചരക്കണ്ടി നദി, പെരുമ്പ നദി, കവ്വായി നദി, വലിയപറമ്പ കായൽ എന്നിവയിലെ ക്രൂയിസുകളിലുൾപ്പെടെ ബോട്ട് ടെർമിനൽ/ ജെട്ടി എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ 53.07 കോടി രൂപയുടെ 17 പദ്ധതികൾക്ക് ഭരണാനുമതി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ പറശ്ശിനിക്കടവിൽ ഉദ്ഘാടനം നിർവ്വഹിച്ചിരുന്നു. ഇൻലാന്റ് നാവിഗേഷനെ ചുമതലപ്പെടുത്തിയതിൽ പറശ്ശിനിക്കടവ്, പഴയങ്ങാടി എന്നിവയുടെ നിർമ്മാണ പ്രവൃത്തി പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. ആറ് പദ്ധതികളുടെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. ആറ് പദ്ധതി പ്രവൃത്തികൾ ടെണ്ടർ നടപടികൾ പുരോഗമിച്ചുവരുന്നു. മൂന്ന് പദ്ധതി പ്രവർത്തികൾ സാങ്കേതികാനുമതി ലഭിക്കുന്നതിനായി സമർപ്പിച്ചിട്ടുമുണ്ട്. 

കണ്ണൂർ ജില്ലയിൽ കൂടി ഒഴുകുന്ന വളപട്ടണം, കുപ്പം, പെരുമ്പ, കവ്വായി, അഞ്ചരക്കണ്ടി, മാഹി എന്നീ നദികളും കാസർകോട് ജില്ലയിലെ തേജസ്വിനി, ചന്ദ്രഗിരി നദികളും വലിയപറമ്പ കായൽ തുടങ്ങിയ ജലാശയങ്ങളും അവയുടെ തീരപ്രദേശങ്ങളും കലാരൂപങ്ങളും, വൈവിധ്യത നിറഞ്ഞ പ്രകൃതി വിഭവങ്ങളും കാർഷിക ഭൂപ്രകൃതിയും കൂടി ചേരുന്ന ബൃഹദ് ടൂറിസം പദ്ധതിയാണ് മലനാട്-മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതി.  

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: