ആശാ പ്രവർത്തകരുടെ കൂട്ടായ്മയൊരുങ്ങുന്നു; സഹ ഫെസ്റ്റ് 22 ന് കണ്ണൂരിൽ

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴിൽ വരുന്ന ജില്ലയിലെ മുഴുവൻ ആശപ്രവർത്തകരെയും ഉൾപ്പെടുത്തിക്കൊണ്ട് സാമൂഹ്യ- സാംസ്‌കാരിക- ആരോഗ്യ- വിദ്യാഭ്യാസ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ആശാ പ്രവർത്തകരുടെ ആരോഗ്യപരമായ അറിവും നേതൃത്വപരമായ കഴിവും പരിപോഷിപ്പിക്കുക, ആരോഗ്യമേഖലയിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്ന ജില്ലയിലെ വർക്കർമാരുടെ പ്രവർത്തന മികവിനുള്ള അംഗീകാരം നൽകുക എന്നീ ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 22 ന് രാവിലെ 9.30 ന് കണ്ണൂർ നായനാർ അക്കാദമിയിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടർ മീർ മുഹമ്മദ് അലി മുഖ്യാതിഥിയാകും. പി കെ ശ്രീമതി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ. കെ നാരായണ നായ്ക്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ പി ജയബാലൻ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ വി ലതീഷ്, ജില്ലാ ആശ കോ-ഓർഡിനേറ്റർ കെ ആർ രാഹുൽ തുടങ്ങിയവർ പങ്കെടുക്കും. സമാപന സമ്മേളനം കണ്ണൂർ കോർപ്പറേഷൻ മേയർ ഇ പി ലത ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിക്കും.

പൂർണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടായിരിക്കും ഫെസ്റ്റ് നടത്തുകയെന്ന് എൻ എച്ച് എം പ്രോഗ്രാം മാനേജർ ഡോ. കെ വി ലതീഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫെസ്റ്റിനോടനുബന്ധിച്ച് ആശാവർക്കർമാരുടെ വിവിധ കലാപരിപാടികളും നടത്തും. നാടൻപാട്ട്, സിനിമാ ഗാനം, തിരുവാതിര, സ്‌കിറ്റ്, ഹെൽത്ത് ക്വിസ് തുടങ്ങി അഞ്ചോളം മത്സര ഇനങ്ങളാണുള്ളത്. വാർഡ് തലത്തിൽ ആരോഗ്യ ജാഗ്രത രണ്ടാം ഘട്ട ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ താഴേതട്ടിൽ ആരോഗ്യ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ജാഗ്രത പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ഇത്തരമൊരു കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു.

പിആർഡി ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, എഡിഎം ഇ മുഹമ്മദ് യൂസുഫ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെ നാരായണ നായ്ക്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ കെ വി ലതീഷ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: