പാട്യം പകൽ വീട്  മന്ത്രി കെ കെ ശൈലജ ഇന്ന് ഉദ്ഘാടനം ചെയ്യും

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പാട്യം ചെറുവാഞ്ചേരിയിൽ 2018-19 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച പകൽ വീടിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അശോകൻ അധ്യക്ഷനായിരിക്കും. ജില്ലാ കലക്ടർ മീർ മുഹമ്മദലി മുഖ്യാതിഥിയായിരിക്കും.

ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ രണ്ടാമത്തെ പകൽവീടാണിത്. സമൂഹത്തിലെ ഒറ്റപ്പെടുന്നതും കഷ്ടതകൾ അനുഭവിക്കുന്നതുമായ മാനസികാസ്വസ്ഥ്യമുള്ളവർക്ക് സമയം ചിലവിടാനും താമസിക്കുവാനുമുള്ള ഇടമാണ് പകൽവീട്. കൂത്തുപറമ്പ ബ്ലോക്ക് പഞ്ചായത്തിന്റെ 40 ലക്ഷം രൂപ ഫണ്ടുപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.

മാനസിക വെല്ലുവിളി നേരിടുന്ന വീടുകളിൽ ഒറ്റപ്പെട്ടുകിടക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായുള്ള പദ്ധതികൾ പകൽവീടു വഴി നടപ്പിലാക്കും. ഇതോടൊപ്പം ഇവർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനായുള്ള പരിശീലനവും നൽകും. മെഡിസിൻ കവർ, പേപ്പർ ബാഗ്, കടലാസ് പൂക്കൾ എന്നിവ നിർമ്മിക്കുന്നതിനുള്ള പരിശീലനമാണ് ആദ്യഘട്ടത്തിൽ നൽകുന്നത്. തുടർന്ന് ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ചുള്ള പരിശീലനവും നൽകും. മാസത്തിൽ ഒരു തവണ ഇവർക്കായി മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കും. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: