കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം കുറുക്കന്മാരുടെ വിഹാര രംഗമാകുന്നു.

0

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം കുറുക്കന്മാരുടെ വിഹാര രംഗമാകുന്നു. വിമാനങ്ങള്‍ വരുന്നതും പോകുന്നതുമൊന്നും പ്രശ്നമാക്കാതെ റണ്‍വേയിലൂടെ ഓടിക്കളിക്കുകയാണ് കുറുക്കന്മാര്‍. ഇത് മൂലം കഴിഞ്ഞ ദിവസങ്ങളിലായി എയര്‍ ഇന്ത്യാ എക്സ്പ്രസ്സിന്റെ വിമാനങ്ങള്‍ ടെക് ഓഫ് ചെയ്യാന്‍ ഏറെ നേരം വൈകി. ഇന്നലേയും ഇന്നുമായി ഗോ എയറിന്റെ വിമാനം ലാന്റ് ചെയ്യുന്നതിനിടയിലും തടസ്സമായി കുറുക്കന്മാര്‍ റണ്‍വേയിലൂടെ ഓടിക്കളിക്കുയായിരുന്നു. വൈകീട്ടോടെ റണ്‍വേയില്‍ കടന്ന കുറുക്കന്മാരെ സുരക്ഷാ ജീവനക്കാര്‍ പിടികൂടി. അതീവ സുരക്ഷ വേണ്ടുന്ന റണ്‍വേ മേഖല കുറുക്കന്മാര്‍ കയ്യടക്കുന്നതു മൂലം വിമാനങ്ങള്‍ ടെക് ഓഫ് ചെയ്യാനും ലാന്റ് ചെയ്യാനും തടസ്സമുണ്ടാവുകയാണ്. ലാന്റ് ചെയ്യാന്‍ താമസം നേരിടുന്നത് മൂലം വിമാനങ്ങള്‍ ഏറെനേരം ആകാശത്ത് വട്ടമിട്ട് പറക്കേണ്ടി വരുന്നു. ഇത് മൂലം വിമാന കമ്ബനികള്‍ക്ക് ഏറെ ഇന്ധന നഷ്ടവും അതിലൂടെ സാമ്ബത്തിക ബാധ്യതയും ഉണ്ടാവുന്നു. പതിവ് ലാന്റിങിന് പുറമേ ഒരു തവണ കൂടി ആകാശത്ത് കറങ്ങാന്‍ 25,000 രൂപയിലേറെ ഇത്തരത്തില്‍ ചെലവാകുമെന്നാണ് കണക്ക്.

യഥാസമയം വിമാനം ടെക് ഓഫ് ചെയ്യാനാവാത്തതിനാല്‍ ഇറങ്ങേണ്ടുന്ന വിമാനത്താവളങ്ങളില്‍ ലാന്റ് ചെയ്യാനുള്ള അനുമതിയും വൈകും. ഇതിലൂടേയും ഇന്ധന ചെലവ് ക്രമാതീതമായി വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. കുറുക്കന്മാരുടെ ശല്യം വന്‍ സുരക്ഷാ വീഴ്ചയായാണ് വ്യോമയാന മന്ത്രാലയം കണക്കാക്കുന്നത്. ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് ഇത് സംബന്ധിച്ച്‌ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പയലറ്റുമാരുടെ കണ്ണില്‍ കുറുക്കന്മാര്‍ പെടുന്നതുകൊണ്ട് മാത്രം അപകടങ്ങള്‍ ഒഴിഞ്ഞു പോവുകയാണ്.

വിമാനം ലാന്റ് ചെയ്യുന്ന സമയത്ത് റണ്‍വേയില്‍ കയറുന്ന കുറുക്കന്‍ തടസ്സം സൃഷ്ടിക്കുകയും വൈമാനികന്‍ ഇത് കാണാതിരിക്കുകയും ചെയ്താല്‍ വന്‍ ദുരന്തം തന്നെ ക്ഷണിച്ചു വരുത്തിയേക്കാം. വിമാനത്താവളത്തില്‍ കുറുക്കന്മാര്‍ എത്തുന്നത് തടയാന്‍ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കയാണ് വിമാനത്താവള അധികാരികള്‍. വര്‍ഷങ്ങള്‍ക്കു മുമ്ബ് വന്യ ജീവികളുടെ ആവാസ സ്ഥലമായിരുന്നു മൂര്‍ക്കന്‍ പറമ്ബ്. വര്‍ഷങ്ങളുടെ ശ്രമത്തിലൂടെയാണ് ഇന്നത്തെ നിലയില്‍ 3,050 മീറ്റര്‍ റണ്‍വേ പണി തീര്‍ത്തത്. ഈ പ്രദേശത്തിന് ചുറ്റും ഇപ്പോഴും കുറക്കന്മാര്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളുണ്ട്. വിമാനത്താവളത്തിന്റെ ഉത്ഘാടന ദിവസവും കുറുക്കന്മാര്‍ റണ്‍വേയില്‍ കയറിയിരുന്നു. ഉത്ഘാടന ചടങ്ങിന് തൊട്ടു മുമ്ബാണ് റണ്‍വേയിലൂടെ വെള്ളം പുറത്ത് ഒഴുക്കാനുള്ള പൈപ്പ് സ്ഥാപിച്ചത്. ഇത് വഴിയാണ് റണ്‍വേയില്‍ കുറുക്കന്മാര്‍ സ്വൈര്യ വിഹാരം നടത്തുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading