കണ്ണൂർ വിമാനത്താവളം; ആഭ്യന്തര സർവീസുകൾക്ക‌് പ്രാധാന്യം നൽകും

കണ്ണൂർ: കണ്ണൂർ വിമാനത്താവളം ആഭ്യന്തര സർവീസുകൾക്ക‌് കൂടുതൽ പ്രാധാന്യം നൽകുമെന്ന‌് കിയാൽ എംഡി വി തുളസീദാസ‌് പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തെ പ്രവർത്തനം വിലയിരുത്തുമ്പോൾ കണ്ണൂരിൽനിന്ന‌ുള്ള ആഭ്യന്തര യാത്രക്കാരുടെ എണ്ണം വിദേശയാത്രക്കാരുടേതിന‌് തുല്യമാണ‌്. അതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിമാനങ്ങൾ കണ്ണുരിലെത്തിക്കാനാണ‌് ശ്രമിക്കുന്നത‌്. ഡൽഹി–കണ്ണൂർ – തിരുവനന്തപുരം സർവീസ‌് ആരംഭിക്കണമെന്ന‌് വിമാനക്കമ്പനികളോട‌് ആവശ്യപ്പെട്ടിട്ടുണ്ട‌്. അടുത്തമാസത്തോടെ കൂടുതൽ കമ്പനികൾ സർവീസ‌് ആരംഭിക്കുമെന്നാണ‌് പ്രതീക്ഷ. കണ്ണൂരിൽ ഓഹരി ഉടമകളുടെ യോഗത്തിനുശേഷം മാധ്യമ പ്രവർത്തകരോട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത‌് വ്യോമയാന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ 21ന‌് നടക്കുന്ന യോഗത്തിൽ ഇന്ത്യ‌ക്കകത്തും വിദേശത്തുനിന്നുമുള്ള വിമാനക്കമ്പനികളെത്തും. ഗൾഫ‌് രാജ്യങ്ങളിൽനിന്നും സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽനിന്നുമുള്ള പ്രതിനിധികളുമുണ്ടാകും. സംസ്ഥാന സർക്കാരിന്റെ മുൻകൈയിൽ നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.
വിദേശ വിമാനങ്ങൾ കണ്ണൂരിലേക്ക‌് വരുന്നതിന‌് നിയമപരമായ തടസ്സമൊന്നുമില്ല. നിലവിലുള്ള കരാർ പ്രകാരംതന്നെ കേന്ദ്ര സർക്കാരിന്റെ അനുമതിയൊടെ ഇവിടേക്ക് വിദേശ വിമാന സർവീസ‌് ആരംഭിക്കാനാവും. കണ്ണൂർ വിമാനത്താവളത്തിൽ ഇന്ധനനികുതി ഒരു ശതമാനമായി കുറച്ചതിൽ വിവാദമൊന്നുമില്ല. പുതിയ വിമാനത്താവളത്തിൽ സാധാരണ ചെലവ‌് കൂടുതലും വരുമാനം കുറവുമായിരിക്കും. ഇത്തരം സാഹചര്യത്തിൽ സർക്കാരുകൾ സഹായിക്കുന്നത‌് സ്വഭാവികമാണ‌്. ഉഡാൻ സർവീസിന‌് ഒരു ശതമാനം നികുതിയേ കേന്ദ്ര സർക്കാർ ഈടാക്കുന്നുള്ളൂ. അന്താരാഷ‌്ട്ര സർവീസുകൾക്കും കേന്ദ്ര സർക്കാർ നികുതിയിളവ‌് നൽകുന്നുണ്ട‌്.
വിമാനത്താവളത്തിലെ കാർഗോയുടെ ആദ്യഘട്ടം രണ്ടു മാസത്തിനകം പൂർത്തിയാവും. അന്താരാഷ‌്ട്ര- ആഭ്യന്തര കാർഗോ ഒരു കെട്ടിടത്തിലായിരിക്കും തുടക്കത്തിൽ പ്രവർത്തിക്കുക. രണ്ടാംഘട്ട കാർഗോ കോംപ്ലക‌്സ‌് നിർമാണം ഉടൻ ആരംഭിക്കും.-തുളസീദാസ‌് പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: