ഷിഗെല്ല രോഗം കോഴിക്കോട് റിപ്പോർട്ട് ചെയ്തു; എന്താണ് ഈ രോഗം?

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗം പടരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോടിനു സമീപത്തെ കോട്ടാംപറമ്പ് മുണ്ടിക്കല്‍താഴം ഭാഗത്താണ് ഷിഗെല്ല ബാക്ടീരിയമൂലമുള്ള രോഗം സ്ഥിരീകരിച്ചത്. ഒരു മരണവും സമാനലക്ഷണങ്ങളുള്ള 25 കേസുകളും റിപോര്‍ട്ട് ചെയ്യ്പ്പെട്ടതോടെ ആശങ്ക വര്‍ധിച്ചിട്ടുണ്ട്. 

മലിനജലത്തിലൂടെയും, കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത് എന്നതിനാല്‍ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. രോഗലക്ഷണങ്ങള്‍ ഗുരുതരമാണെങ്കില്‍ അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളില്‍ മരണസാധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ രോഗവ്യാപനം പെട്ടെന്നുണ്ടാവുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ, പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും. രണ്ടുമുതല്‍ ഏഴുദിവസം വരെ രോഗലക്ഷണങ്ങള്‍ കാണാം. ചില കേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയും ചെയ്യുന്നുണ്ട്. പനി, രക്തംകലര്‍ന്ന മലവിസര്‍ജനം, നിര്‍ജലീകരണം, ക്ഷീണം എന്നിവയുണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

വ്യക്തിശുചിത്വം, കൈ വൃത്തിയായി സൂക്ഷിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണം ചൂടോടെ മാത്രം കഴിക്കുക എന്നിവയാണ് പ്രതിരോധമാര്‍ഗങ്ങളെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം ചെയ്യുന്നത് ഒഴിവാക്കുക. കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായവിധത്തില്‍ സംസ്‌കരിക്കണം. രോഗലക്ഷണങ്ങളുള്ളവര്‍ ആഹാരം പാകംചെയ്യുന്നതില്‍ നിന്നു വിട്ടുനില്‍ക്കലാണ് ഉചിതം. പഴകിയ ഭക്ഷണം കഴിക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭക്ഷണപദാര്‍ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവയ്ക്കണം. വയറിളക്കമുള്ള കുട്ടികള്‍ മറ്റുള്ളവരുമായി ഇടപെടുന്നത് ഒഴിവാക്കണം. കക്കൂസും, കുളിമുറിയും ഇടയ്ക്കിടെ അണുനശീകരണം നടത്തണം. രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും കഴുകിയ ശേഷംമാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. രോഗലക്ഷണമുള്ളവര്‍ ഒ.ആര്‍.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം എന്നിവ കഴിക്കുന്നത് ഗുണകരമാണ്. കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യേണ്ടതും രോഗം തടയാന്‍ അത്യാവശ്യമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: