ഫാസിസത്തെ മുട്ടുകുത്തിച്ച ജനാധിപത്യത്തിന്റെ വിജയം: കെ സുധാകരന്‍

കണ്ണൂര്‍: ഇന്ത്യയിലെ കര്‍ഷകര്‍ക്കു മുന്നില്‍ നരേന്ദ്ര മോദിയെന്ന ഫാഷിസ്റ്റ് ഭരണാധികാരിക്ക് മുട്ടുമുടക്കേണ്ടി വന്നത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. ജില്ലാ കോണ്‍ഗ്രസ് നേതൃയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയുടെ പതനം കര്‍ഷകരുടെ സമരഭൂമിയില്‍നിന്ന് ആരംഭിച്ചിരിക്കുകയാണ്. ഇനി അതു രാജ്യമാകെ ആളിപ്പടരുകയാണ്. കര്‍ഷകരെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള മോദി സര്‍ക്കാരിന്റെ അജന്‍ഡയാണ് ജനാധിപത്യ ശക്തികള്‍ പൊളിച്ചടുക്കിയത്.പാര്‍ലമെന്റിനകത്തും പുറത്തും കര്‍ഷകര്‍ക്കൊപ്പം നിന്ന് കോണ്‍ഗ്രസ് ശക്തമായ പോരാട്ടമാണ് നടത്തിയത്.
ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് സമാധാനപൂര്‍വം നടത്തിയ സമരത്തെ ചോരയില്‍ മുക്കി കൊല്ലാന്‍ ഭരണകൂടം പലതവണ ശ്രമിച്ചു. അപ്പോഴൊക്കെ ആത്മസംയമനം പാലിച്ച കര്‍ഷകരുടെ പോരാട്ടത്തിന് സമാനതകളില്ലാത്ത വീര്യമാണ് ഉണ്ടായത്.വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടിയും വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള പിന്‍വാങ്ങലാണിത്. കര്‍ഷകരുടെ കരുത്തുറ്റ സമരത്തിന് മുന്നില്‍ മുട്ട് മടക്കേണ്ടിവന്ന ഏകാധിപതിയാണ് മോദിയെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ എല്ലാ പ്രവര്‍ത്തകരും സജ്ജരാകണം. മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും കഴിഞ്ഞ കാല ജനവിരുദ്ധ നടപടികള്‍ ജനങ്ങളിലെത്തിക്കുവാന്‍ പ്രാദേശികമായി പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചും ജനകീയ പ്രശ്നങ്ങളില്‍ഇടപെട്ട് ജനവിശ്വാസം ആര്‍ജ്ജിക്കണം ഇതിനായിരിക്കണം പ്രവര്‍ത്തകര്‍ പ്രാമുഖ്യം നല്‍കേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.
ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് അധ്യക്ഷതവഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, മുന്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, മുന്‍ എം എല്‍എ എ ഡി മുസ്തഫ, പി ടി മാത്യു, എം നാരായണന്‍കുട്ടി, കെ സി മുഹമ്മദ് ഫൈസല്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: