കൂട്ടുപുഴ പാലം അവസാനഘട്ട വാർപ്പ് പൂർത്തിയായി അടുത്തമാസം ഗതാഗതത്തിന് തുറന്നുകൊടുത്തേക്കും

ഇരിട്ടി : കേരളാ കർണ്ണാടക അതിർത്തിയിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ അവസഘട്ട ഉപരിതലവാർപ്പ് വ്യാഴാഴ്ച പൂർത്തിയായി. ശേഷിക്കുന്ന പ്രവർത്തികൾ പൂർത്തിയാക്കി ഡിസംബർ അവസാന വാരം പാലം ഗതാഗതത്തിന് തുറന്നു കൊടുക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
336 കോടി ചിലവിൽ നവീകരിക്കുന്ന തലശ്ശേരി – വളവുപാറ കെ എസ് ടി പി റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി പണിയുന്ന ഏഴു ഫലങ്ങളിൽ ഒന്നാണ് കൂട്ടുപുഴ പാലം . ഇതിൽ കൂട്ടുപുഴയും എരഞ്ഞോളി പാലവും ഒഴികെയുള്ള ബാക്കി പാലങ്ങൾ പ്രവർത്തി കഴിഞ്ഞ് മാസങ്ങൾക്കു മുൻപേ തുറന്നു കൊടുത്തിരുന്നു. അഞ്ച് സ്പാനുകളുള്ള പാലത്തിന്റെ കൂട്ടുപുഴ പാലത്തെ കർണ്ണാടകത്തിലെ റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെ സ്പാനിന്റെ മേൽത്തട്ട് വാർപ്പ് പ്രവർത്തിയാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത് .
2017 ൽ നിർമ്മാണ പ്രവർത്തി ആരംഭിച്ച കൂട്ടുപുഴ പാലത്തിന്റെ നിർമ്മാണ പ്രവർത്തി കർണ്ണാടക വനം വകുപ്പ് അധികൃതരുടെ തടസ്സവാദങ്ങൾ മൂലം മൂന്ന് വർഷത്തോളം നിലച്ചിരുന്നു. തടസ്സങ്ങൾ നീക്കി പണി പുനരാരംഭിച്ചെങ്കിലും കോവിഡ് വ്യാപനംമൂലം വീണ്ടും തടസ്സപ്പെട്ടു. എന്നാൽ ഉള്ള തൊഴിലാളികളെ വെച്ച് തുടർന്ന പ്രവർത്തിയാണ് ഇപ്പോൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്നത്.
കണ്ണൂർ ജില്ലയെ കുടക് ജില്ലയുമായി ബന്ധിപ്പിക്കുന്ന തലശ്ശേരി – മൈസൂർ റോഡിൽ 1928 ൽ ബ്രിട്ടീഷുകാർ ആണ് ഇപ്പോഴുള്ള പാലം പണികഴിപ്പിച്ചത്. ഒരു വാഹനത്തിന് മാത്രം കടന്നുപോകാൻ കഴിയുന്ന പാലം കാലപ്പഴക്കത്താൽ അപകടാവസ്ഥയിലാണ്. മൈസൂർ , ബംഗളൂരു ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസ്സുകളടക്കം ഈ പാലം കടന്നു പോകുന്നത് ഏറെ സാഹസപ്പെട്ടാണ്. നൂറുകണക്കിന് ചരക്ക് വാഹനങ്ങളും നിത്യവും ഇത് വഴി കേരളത്തിലേക്ക് കടന്നു വരുന്നു. പുതിയ പാലം വരുന്നതോടെ ഇതുവഴിയുള്ള യാത്രാ പ്രശ്നങ്ങൾക്ക് ഏറെ പരിഹാരമാകും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: