കണ്ണൂരിന്റെ മണ്ണിൽ നിന്നും സ്വപ്നച്ചിറകിലേറാൻ മനോജും

ദുബൈ: സ്വന്തം മണ്ണിൽ നിന്നും വിദേശത്തേക്ക് പറക്കുകയെന്നത് കണ്ണൂർക്കാരായ ഓരോ പ്രവാസിയുടെയും ഏറെക്കാലമായുള്ള സ്വപ്നമാണ്.

ആ സ്വപ്നം നിറവേറ്റാൻ ഇനി ദിനങ്ങളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്. കണ്ണൂരിൽ നിന്നും പ്രഥമ യാത്രാവിമാനം പറന്നുയരുമ്പോൾ തന്റെ സ്വപ്ന സാഫല്യത്തിനായി കാത്തിരിക്കുകയാണ് മയ്യിൽ സ്വദേശിയായ മനോജ്. 20 വർഷത്തോളമായി പ്രവാസ ജീവിതം നയിക്കുന്ന മനോജ് മറ്റു മലബാറുകാരെപ്പോലെ ഇത്രയും കാലം കോഴിക്കോട്, കൊച്ചി, മംഗളൂരു വിമാനത്താവളങ്ങളെയാണ് യാത്രക്കായി ആശ്രയിച്ചത്. ജന്മനാട്ടിൽ നിന്നും ആദ്യ വിമാനം പറന്നുയരുമ്പോൾ അതിലുണ്ടാവണമെന്ന് മനോജിൻ്റെ മോഹമായിരുന്നു. അതിനാൽ ദുബൈയിലെ സ്റ്റെല്ലാർ ആക്രലിക് കമ്പനിയിലെ ജോലിത്തിരക്കുകൾക്കിടയിലും കണ്ണൂർ വിമാനത്താവളത്തിൻ്റെ പ്രവർത്തന പുരോഗതിയെക്കുറിച്ച് വരുന്ന വാർത്തകൾ ഓരോന്നും മനോജ് ശ്രദ്ധിച്ചിരുന്നു. ആദ്യ യാത്രാവിമാനം പരീക്ഷണ പറക്കൽ വിജയകരമാക്കി കണ്ണൂരിൽ പറന്നിറങ്ങിയതോടെ മനോജ് ഒട്ടും വൈകിയില്ല. ചരിത്ര യാത്രയിൽ ഇടം പിടിക്കാൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ശ്രമം തുടങ്ങി. കണ്ണൂർ വിമാനത്താവളത്തിൻ്റെ ഉദ്ഘാടന ദിവസം തന്നെ അബുദാബിയിലേക്ക് പറക്കാനുള്ള ടിക്കറ്റുകൾ 55 മിനുട്ടുകൾക്കകമാണ് വിറ്റു തീർന്നത്. അതിനുള്ളിൽ തന്നെ 13000 രൂപ മുടക്കി മനോജ് തന്റെ സീറ്റുറപ്പിച്ചു. ജന്മനാട്ടിൽ നിന്നും പറന്നുയരുന്ന മറക്കാനാവാത്ത അനുഭവത്തിനായി
ഇനി അവിടെ നിന്നും ആദ്യം നാട്ടിലേക്ക് യാത്ര തിരിക്കാനുള്ള ഒരുക്കത്തിലാണ് മനോജ്.
ഉത്തരമലബാറിൻ്റെ വികസന കുതിപ്പായി മാറിയ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അബുദാബിയിലേക്ക് പറക്കാനുള്ള ത്രില്ലിലാണ് മനോജിപ്പോഴുള്ളത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: