മറിഞ്ഞുവീണ കോൺക്രീറ്റ് തൂൺ വെടിമരുന്നുവെച്ച് തകർത്തു

ഇരിട്ടി : കഴിഞ്ഞ കാലവർഷത്തിൽ ഇരിട്ടി പുഴയിലുണ്ടായ ശക്തമായ കുത്തൊഴുക്കിൽ തകർന്നു വീണ കോൺക്രീറ്റ് പൈലിങ് തൂൺ വെടിമരുന്നു വെച്ച് തകർക്കാനുള്ള ശ്രമത്തിൽ ഇരിട്ടി പാലത്തിന്റെ അടിത്തറ ഇളകി. 1933 ൽ ബ്രിട്ടീഷുകാർ  നിർമ്മിച്ച പാലത്തിന്റെ പുഴയുടെ മദ്ധ്യത്തിൽ നിൽക്കുന്ന കരിങ്കൽ തൂണിന്റെ അടിത്തറയാണ് ഇളക്കിയത്. ഇതിന്റെ അടിഭാഗത്തെ കരിങ്കൽ ഇളകിത്തെറിക്കുകയും കരിങ്കൽ തൂണിൽ വിള്ളൽ വീഴുകയും ചെയ്തു. ഇതോടെ ഇപ്പോഴുള്ള പാലവും അപകടാവസ്ഥയിലായി.
 തലശ്ശേരി – വളവുപാറ  കെ എസ് ടി പി റോഡ് നിർമ്മാണത്തിന്റെ ഭാഗമായാണ് ഇരിട്ടി പുഴക്ക് കുറുകേ പുതിയ പാലം നിർമ്മിക്കുന്നത്.പഴയ പാലത്തിന് സമാന്തരമായാണ്  പുതിയ പാലം നിർമ്മിക്കാനുള്ള പ്രവർത്തി നടന്നു വരുന്നത്. മാസങ്ങൾക്കു മുൻപ് കഴിഞ്ഞ കാലവർഷത്തിൽ കനത്ത മഴയെത്തുടർന്ന്  പുഴയിൽ രൂപപ്പെട്ട ശക്തമായ കുത്തൊഴുക്കിൽ പുതിയ പാലത്തിന്റെ   പൈലിംഗ് തൂൺ മറിഞ്ഞു വീണിരുന്നു.  പഴശ്ശി പദ്ധതിയുടെ ഭാഗമായ ജലാശയത്തിൽ നൂറുകണക്കിന് ലോഡ്  മണ്ണിട്ട് നികത്തി  പുഴയിൽ നടത്തിയ പൈലിംഗും ഇതിന്റെ മുകളിൽ നിർമ്മിച്ച കൂറ്റൻ കോൺക്രീറ്റ് തൂണും മറിഞ്ഞുവീണതും മണ്ണും മറ്റ് പൈലിംഗ് പ്രവർത്തികളും ഒഴുകിപ്പോയതും വന്‍ വിവാദമായിരുന്നു.  ഇതിനെത്തുടര്‍ന്ന് നാലോളം  പാലം നിർമ്മാണ വിദഗ്ദര്‍ സ്ഥലം സ്ഥലം സന്ദര്‍ശിച്ചിരുന്നു. കെ എസ് ടി പി പാലത്തിന്റെ പുതിയ  ഡിസൈൻ ലഭ്യമാക്കാഞ്ഞതിനെത്തുടർന്ന് കരാറുകാർ പാലം പണി നിർത്തിവെച്ചിരുന്നു.
  അടുത്ത ദിവസം തന്നെ ഡിസൈൻ ലഭ്യമാകും എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പണി  ആരംഭിക്കുന്നതിന്റെ ഭാഗമായി പുഴയിൽ അകപ്പെട്ട കൂറ്റൻ കോൺക്രീറ്റ് തൂണും , പൈലിംഗ് ഉപകരണങ്ങളുടെ ഭാഗങ്ങളും, കഴിഞ്ഞവർഷം പുഴയിൽ പാലം ജോലിക്കിടെ മറിഞ്ഞു മുങ്ങിപ്പോയ കോൺക്രീറ്റ് മില്ലറിന്റെ  ഭാഗങ്ങളും മറ്റും നീക്കം   ചെയ്യുന്നതിന് പാലം കരാറുകാർ  വളപട്ടണത്തെ ഖലാസിമാരെ  ഏൽപ്പിച്ചിരുന്നു. ഇത് നീക്കം ചെയ്യുവാൻ ഇവർക്ക് നിശ്ചിത തുകക്ക് കരാർ ചെയ്യുകയായിരുന്നു. ടൺ കണക്കിന് ഭാരമുള്ള  കൂറ്റൻ കോൺക്രീറ്റ് തൂൺ പുഴയിൽ   നിന്നും കരയിലേക്ക് വലിച്ചു മാറ്റുക ഏറെ പ്രയാസകരമായ പ്രവർത്തിയായിരുന്നു. പഴശ്ശി പദ്ധതിയുടെ ഭാഗമായ പുഴ ആയതുകൊണ്ടുതന്നെ മഴക്കാലങ്ങളിൽ കുത്തൊഴുക്കിൽ തൂൺ ഒഴുകിപ്പോയി  കിലോമീറ്റർ മാത്രം അകലെയുള്ള ഡാമിന് ഭീഷണി സൃഷ്ടിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ഇത് പുഴയിൽ നിന്നും മാറ്റണമെന്ന ആവശ്യമുയർന്നത്.   പുഴമദ്ധ്യത്തിൽ ഇപ്പോഴുള്ള പാലത്തിന്റെ  കരിങ്കൽ തൂണിനോട് ചേർന്നായിരുന്നു ഈ കോൺക്രീറ്റ് തൂൺ കിടന്നിരുന്നത്. ഇത് വലിച്ചുമാറ്റുവാൻ പ്രയാസം നേരിട്ടതിനെ ത്തുടർന്ന് ഖലാസികൾ കോൺക്രീറ്റ് തൂണിൽ പലയിടത്തായി കുഴികൾ  ഉണ്ടാക്കി  വെടിമരുന്ന് നിറച്ച് പൊട്ടിച്ച് കളയുകയായിരുന്നു. ഈ സ്പോടനഫലമായാണ് ഇപ്പോൾ എൺപതാണ്ടിലേറെ പഴക്കമുള്ള   ഇരിട്ടി പാലത്തിന്റെ കരിങ്കൽ തൂണിന്റെ അടിത്തറയിലെ കരിങ്കല്ലുകൾ ഇളകുകയും വിള്ളൽ  രൂപപ്പെടുകയും ചെയ്തിരിക്കുന്നത്.
അതി ശക്തമായ സ്പോടനമാണ് ഇവിടെ നടത്തിയതെന്ന് ഇത് കേട്ട പരിസരവാസികൾ പറഞ്ഞു. ഇതുവരെ   യാതൊരുവിധ  തകരാറുകളും ഇല്ലാതിരുന്ന  ഇരിട്ടി പാലത്തിന്റെ അടിത്തറതന്നെ സ്പോടനത്തിലൂടെ ഇളക്കിയ നടപടിയെക്കുറിച്ചു  അധികാരികൾ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു. പുഴയുടെ മദ്ധ്യത്തിൽ നിൽക്കുന്ന തൂൺ എന്ന നിലയിൽ എത്രമാത്രം ഇതിനു ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടവർ ഉടനെ എത്തി പരിശോധന നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: