അരുണ്‍ കെ വിജയന്‍ ജില്ലാ കലക്ടറായി ചുമതലയേറ്റു

0

കണ്ണൂര്‍ ജില്ലാ കലക്ടറായി അരുണ്‍ കെ വിജയന്‍ വ്യാഴാഴ്ച ചുമതലയേറ്റു. കണ്ണൂരിനെക്കുറിച്ച് നല്ലത് മാത്രമാണ് കേട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ നേരത്തെ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരും മറ്റും ഇവിടത്തെ ജനങ്ങളെക്കുറിച്ചും ജനപ്രതിനിധികളെക്കുറിച്ചും രാഷ്ട്രീയ നേതാക്കളെക്കുറിച്ചുമെല്ലാം നല്ല അഭിപ്രായമാണ്  പങ്കുവെച്ചിട്ടുള്ളത്. എല്ലാ ജില്ലകളിലും തൊഴില്‍പരമായ വെല്ലുവിളികള്‍ ഉണ്ടാകും. അത്തരം കാര്യങ്ങളില്‍ പഠിച്ച് ആവശ്യമായ തീരുമാനമെടുക്കും. മുന്‍ഗാമികള്‍ തുടങ്ങിവെച്ച പദ്ധതികള്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്ന അടിസ്ഥാന സൗകര്യ വികസനം, സാമൂഹ്യക്ഷേമ പദ്ധതികള്‍ എന്നിവക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും പുതിയ കലക്ടര്‍ അറിയിച്ചു.
രാവിലെ ഓഫീസിലെത്തിയ അദ്ദേഹത്തെ എഡിഎം കെ കെ ദിവാകരന്‍, അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, ഡെപ്യൂട്ടി കലക്ടര്‍മാര്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍, കലക്ടറേറ്റ് ജീവനക്കാർ  എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സ്ഥലം മാറിപ്പോകുന്ന കലക്ടര്‍ എസ് ചന്ദ്രശേഖറില്‍ നിന്ന് അരുണ്‍ കെ വിജയന്‍ ഔദ്യോഗികമായി ചുമതല ഏറ്റെടുത്തു. തുടര്‍ന്ന് കോണ്‍ഫറന്‍സ് ഹാളില്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേര്‍ന്ന് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.

തൃശൂർ സ്വദേശിയായ  അരുൺ കെ വിജയൻ 2016 ലാണ്  ഐ എ എസ് നേടിയത് . 2012 ൽ ബിറ്റ്സ് പിലാനിയിൽ നിന്ന് ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സിൽ ബിടെക് ബിരുദവും 2018-ൽ മസൂറി എൽ ബി എസ് എൻ എ എ യിൽ നിന്ന് പബ്ലിക്ക് മാനേജ്മെൻറിൽ മാസ്റ്റർ ബിരുദവും നേടി.
മലപ്പുറം അസിസ്റ്റൻ്റ് കലക്ടർ, കാസർകോഡ് സബ് കലക്ടർ, തൃശ്ശൂർ ജില്ലാ ഡെവലപ്മെൻ്റ് കമ്മീഷണർ, ഇംപാക്ട് കേരള എംഡി, അർബൻ അഫയേഴ്സ് ഡയരക്ടർ, അമൃത് മിഷൻ ഡയരക്ടർ, എന്നീ തസ്തികളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. എൻട്രൻസ് എക്സാം കമ്മീഷണർ, സ്മാർട് സിറ്റി സി ഇ ഒ എന്നീ ചുമതലകൾ നിർവ്വഹിച്ച് വരവേയാണ് കണ്ണൂർ കലക്ടറായി ചുമതലയേറ്റത്. അച്ഛന്‍ കെ പി വിജയന്‍, അമ്മ ടി ജെ ജയശ്രീ, ഭാര്യ സെല്‍വിന്‍ ജിഹാന്‍, മകന്‍ അര്‍മാന്‍, അമ്മാവന്‍ ജയപ്രകാശ്  എന്നിവര്‍ക്കൊപ്പമാണ് അരുണ്‍ കെ വിജയന്‍ ചുമതലയേല്‍ക്കാന്‍ എത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d