നൂറിലേക്ക് ഓടിയെത്തി കെ എസ് ആർ ടി സി വിനോദയാത്ര


ഓടിയോടി ഒടുവിൽ കണ്ണൂർ കെ എസ് ആർ ടി സിയുടെ വിനോദയാത്ര സെഞ്ചുറിയിലെത്തി. ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി കണ്ണൂരിൽ നിന്നുള്ള സംഘം കൊച്ചിയിലെ ആഡംബരകപ്പലായ നെഫർറ്റിറ്റിയിലെത്തിയതോടെയാണ് എട്ടുമാസം കൊണ്ട് യാത്രകളുടെ എണ്ണം നൂറായത്.ബുധനാഴ്ച പുലർച്ചെ 5.30ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട സംഘം ഉച്ചക്ക് രണ്ട് മണിക്ക്് കൊച്ചിയിലെത്തി. പ്രൊഫഷണൽ ഗൈഡും കണ്ടക്ടറും കൂടിയായ കലേഷിന്റെ നേതൃത്വത്തിലുള്ള 40 അംഗ സംഘമാണ് യാത്രയിലുള്ളത്. ആഡംബരകപ്പലിലെ ചാർജ് അടക്കം ഒരാൾക്ക് 3850 രൂപയാണ് ഈടാക്കിയത്. ബുധനാഴ്ച വൈകീട്ട് കപ്പലിൽ കയറിയ സംഘം രാത്രി ഒമ്പത് മണി വരെ അവിടെ ചെലവഴിച്ചു. തുടർന്ന് വ്യാഴാഴ്ച പുലർച്ചെ അഞ്ചിന് നാട്ടിൽ തിരിച്ചെത്തും.കണ്ണൂരിന് പുറമെ കോഴിക്കോട്, തൃശൂർ ജില്ലകളും യാത്രകളുടെ എണ്ണം നൂറ് തികച്ചെങ്കിലും അത് ഒരു വർഷംകൊണ്ടായിരുന്നു. 2022 ഫെബ്രുവരി 12ന് വയനാട്ടിലേക്കായിരുന്നു കണ്ണൂരിൽ നിന്നുള്ള ആദ്യ യാത്ര. നൂറ് തികച്ചതോടെ അത് വിപുലമായി ആഘോഷിക്കാനുള്ള ആലോചനയിലാണ് കെ എസ് ആർ ടി സി.യാത്രയുടെ ഫ്ളാഗ് ഓഫ് കണ്ണൂർ ഡി ടി ഒ മനോജ് നിർവഹിച്ചു. 75 ലക്ഷം രൂപയോളം ഇതുവരെ വരുമാനം ലഭിച്ചതോടെ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കൂടുതൽ യാത്രകൾ നടത്താനാണ് തീരുമാനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: