അറിവിന്റെ ആകാശം തുറന്ന് കെ പി പി നമ്പ്യാർ സ്മാരക ഗവേഷണ കേന്ദ്രം


ശാസ്ത്ര സാങ്കേതിക ലോകത്ത് വേറിട്ട ഇടപെടലുകളിലൂടെ ശ്രദ്ധേയനായ കെ പി പി നമ്പ്യാരുടെ ഓർമകൾ നിലനിർത്തുന്നതിനൊപ്പം ഗവേഷണ കുതുകികളായ വിദ്യാർഥികൾക്ക് സാധ്യതകളും തുറന്നിടുകയാണ് മാങ്ങാട്ടുപറമ്പിലെ കെ പി പി നമ്പ്യാർ സ്മാരകം. ലോകോത്തര നിലവാരമുള്ള കെ പി പി നമ്പ്യാർ ഇലക്ട്രോണിക്സ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് സെന്റർ അദ്ദേഹത്തിന്റെ ജീവിത യാത്രയിലെ നാൾവഴികൾ വരച്ചുകാട്ടുന്ന മ്യൂസിയവും പുത്തൻ അനുഭവവുമാണ്. കെൽട്രോണിന്റെ ആദ്യത്തെ ചെയർമാനായ കെ പി പി നമ്പ്യാർ ഇന്ത്യയിലെ ആദ്യത്തെ ടെക്നോ പാർക്ക് കേരളത്തിന് സ്വന്തമാകുന്നതിനും പ്രധാന പങ്കു വഹിച്ചു. ഇലക്ട്രോണിക്സ് വ്യവസായ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ അദ്ദേഹത്തെക്കുറിച്ച് പുതുതലമുറക്ക് ഇവിടെ വായിച്ചറിയാം.ശിൽപി ഉണ്ണി കാനായി നിർമിച്ച കെ പി പി നമ്പ്യാരുടെ പൂർണകായ പ്രതിമ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ്. കല്യാശ്ശേരി സ്വദേശിയായ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്താണ് സ്മാരകവും പ്രതിമയും സ്ഥിതി ചെയ്യുന്നത്. ശാസ്ത്ര, ഗവേഷണ വിദ്യാർഥികൾക്ക് കെൽട്രോണിനെ അറിയാനും ഇലക്ട്രോണിക് കോംപണന്റുകളുടെ നിർമാണത്തെക്കുറിച്ചറിയാനും സഹായകരമാകും വിധമാണ് സെന്റർ സജീകരിച്ചിരിക്കുന്നത്.കേന്ദ്ര സർക്കാരിന്റെ ഡി എസ് ആർ (ഡിപാർട്ട് മെന്റ് ഓഫ് സയന്റിഫിക് ആന്റ് ഇന്റസ്ട്രിയൽ റിസർച്ച് ) അംഗീകാരമുള്ള ഈ ഗവേഷണ സ്ഥാപനത്തിൽ ഇലക്ട്രോണിക് ആന്റ് ടെസ്റ്റ് കാലിബ്രേഷൻ ലാബ്, മെറ്റീരിയൽ ഡെവലപ്മെന്റ് സെന്റർ, എഞ്ചിനീയറിംഗ് ആന്റ് റിസർച്ച് സെന്റർ, ആംഫി തിയറ്റർ, സയൻസ് എക്സിബിഷൻ ഹാൾ, ഡിജിറ്റൽ ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തന നേട്ടങ്ങൾ, ഇലക്ട്രോണിക് രംഗത്തെ സുപ്രധാന നാൾവഴികൾ എന്നിവ ഇവിടെ കാണാനാകും. ഗവേഷണത്തിലൂടെ പുതിയ സാധ്യതകൾ കണ്ടെത്താനും ഗ്രാമീണ വനിത സംഘങ്ങളെയും സൊസൈറ്റികളെയും പങ്കെടുപ്പിച്ച്് കെൽട്രോണിനെ ജനകീയവൽക്കരിക്കാനുമുള്ള ശ്രമങ്ങളുടെ നേർച്ചിത്രങ്ങളും ഇവിടെയുണ്ട്.സർക്കാർ അനുവദിച്ച രണ്ട് കോടി രൂപ ചെലവിലാണ് ഇതിന്റെ ഭൗതിക സൗകര്യങ്ങൾ ഒരുക്കിയത്. ഇലക്ട്രോണിക് കോംപണന്റ് ശ്രേണിയിലുള്ള പുതിയ ഉൽപ്പന്നങ്ങളുടെ നിർമാണത്തിനായി വിവിധ പദ്ധതികൾ കെൽട്രോൺ നടപ്പാക്കുന്നുണ്ട്. 2021-23 വർഷത്തെ ഷോട്ട് ടേം പ്ലാനിലൂടെ 18 കോടി രൂപ മുതൽ മുടക്കിൽ ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉല്പാദന കേന്ദ്രം സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. 1974ൽ കെ പി പി നമ്പ്യാർ തിരുവനന്തപുരത്ത് സ്ഥാപിച്ച ഇ ആർ ആന്റ് ഡിസി (ഇപ്പോഴത്തെ സി ഡാക്) മാതൃകയിലുള്ള ഭരണ/ഗവേഷണ പരിപാടികൾ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് കെൽട്രോൺ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: