പയ്യന്നൂർ സ്വദേശി ലഹരിമരുന്നായ എം.ഡി.എം.എ.യുമായി പിടിയിൽ

ബേക്കൽ: കാസറഗോഡ് നിന്നും പയ്യന്നൂരിലേക്ക്ബൈക്കിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ. പയ്യന്നൂർ പെരുമ്പയിലെ സുമയ്യ മൻസിലിൽ എസ്.സി.അബ്ദുൾ സാബിറിനെ (36)യാണ് ബേക്കൽ പോലീസ് പിടികൂടിയത്. പ്രതിയിൽ നിന്ന് 13.38 ഗ്രാം മാരക ലഹരിമരുന്നായ എം.ഡി.എം.എ.പോലീസ് പിടിച്ചെടുത്തു.
ഇന്നലെ രാത്രി 8.20 ഓടെ കാസറഗോഡ് ഭാഗത്ത് നിന്നും ബൈക്കിൽ വരികയായിരുന്ന ഇയാൾ തൃക്കണ്ണാട് വെച്ച് വഴിയാത്രക്കാരനായ മത്സ്യതൊഴിലാളിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബൈക്ക് മറിയുകയും മത്സ്യതൊഴിലാളിയായ അപ്പുവിനും അബ്ദുൾസാബിറിനും പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ അപ്പുവിനെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.എന്നാല്‍ സാബിറിന് നിസാരപരിക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാർ തടഞ്ഞുവെച്ച് ബേക്കല്‍ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി ചോദ്യം ചെയ്ത് പരിശോധിച്ചപ്പോഴാണ് പാൻ്റിൻ്റെ പോക്കറ്റിൽ നിന്ന് 13.38 ഗ്രാം എം.ഡി.എം.എ.പോലീസ് കണ്ടെത്തിയത്. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച കെ.എൽ.13 എ.ഫ്. 5965 നമ്പർ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.
അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: