സമ്പൂർണ്ണ ശുചിത്വ ഹരിതവിദ്യാലയം
ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 2 ന്

ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളേയും സമ്പൂർണ്ണ ശുചിത്വ ഹരിത വിദ്യാലയങ്ങളായി മാറ്റുന്നതിനുള്ള പ്രത്യേക കർമ്മ പദ്ധതിക്ക് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിൻ്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം രൂപം നൽകി. കലക്ടറുടെ ചേംബറിലാണ് യോഗം ചേർന്നത്. സമ്പൂർണ്ണ ശുചിത്വ ഹരിത വിദ്യാലയ ക്യാംപയിനിൻ്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 2 ന് നടത്തും.അനുബന്ധമായി ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്ത് തലത്തിലും പരിപാടികൾ സംഘടിപ്പിക്കും.
വികേന്ദ്രീകൃത മാലിന്യ സംസ്കരണ പരിപാടിയിലൂടെ പൂർണ്ണ ഹരിതവും ശുചിത്വവുമായ വിദ്യാലയമെന്ന ലക്ഷ്യം കൈവരിക്കുകയും അത് സുസ്ഥിരമായി നിലനിർത്തുകയുമാണ് ലക്ഷ്യം. സ്കൂളുകളിൽ മൾട്ടികളർ മൾട്ടി ക്യാബിൻ വേസ്റ്റ് ബിനുകൾ സ്ഥാപിക്കും. മെറ്റരിയൽ കലക്ഷൻ ഫെസിലിറ്റി സെൻ്റർ തുടങ്ങും.ശേഖരിക്കുന്ന മാലിന്യങ്ങൾ തരം തിരിച്ച് ബിന്നിൽ നിക്ഷേപിച്ച് നിശ്ചിത ദിവസത്തിനുള്ളിൽ ഹരിത കർമ്മ സേനയ്ക്ക് കൈമാറും. പരിപാടികൾ ഏകോപിപ്പിക്കുന്നതിനുള്ള ജില്ലാതല നിർവ്വഹണ സമിതി സെപ്റ്റംബർ 23 നുള്ളിൽ രൂപീകരിക്കും. സ്കൂൾ തലത്തിൽ ഹരിത ശുചിത്വ നിർവഹണ കമ്മറ്റിയും ഹരിത ശുചിത്വ മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിക്കും. ശുചിത്വ നിർവഹണം മുൻനിർത്തി വിദ്യാലയങ്ങൾക്ക് സ്റ്റാർ റേറ്റിംഗ് നൽകും. ജില്ലാ വിദ്യാഭ്യാസ ഉപജില്ലാ തല സമിതികളുടെ ശുപാർശ അടിസ്ഥാനമാക്കിയാവും റേറ്റിംഗ് നൽകുക. നവംബർ ഒന്നിന് കേരള പിറവി ദിനത്തിൽ സമ്പൂർണ ശുചിത്വ ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തും.
യോഗത്തിൽ വിദ്യാഭ്യാസ ജില്ലാ ഉപജില്ലാ ഓഫീസർമാർ, എൽ എസ് ജി ഡി ജോയിൻ്റ് ഡയരക്ടർ ടി ജെ അരുൺ, കെ എസ് ഡബ്ല്യൂ എസ് പി ഇ വിനോദ് കുമാർ നവകേരളം ജില്ലാ കോഓഡിനേറ്റർ ഇ കെ സോമശേഖരൻ, ശുചിത്വമിഷൻ ജില്ലാ കോഓഡിനേറ്റർ കെ എം സുനിൽകുമാർ, കില ഫെസിലിറ്റേറ്റർ പി വി രത്നാകരൻ തുടങ്ങിയവർ പങ്കെടുത്തു.