പയ്യന്നൂര്‍ പൊലീസ് മൈതാനത്തിന് ശാപമോക്ഷം

0

24 ന് മുഖ്യമന്ത്രിയെത്തും

വിവിധ കേസുകളില്‍പ്പെട്ട് കൂട്ടിയിട്ട് പഴകിയ വാഹനങ്ങള്‍ തുരുമ്പെടുത്തും  വര്‍ഷങ്ങളായി കാടുമൂടിയും കിടന്ന നെഹ്‌റു  മൈതാനമെന്ന പയ്യന്നൂര്‍ പൊലീസ് മൈതാനത്തിന് ശാപമോക്ഷം. പയ്യന്നൂരിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഇടം നേടിയ ഈ മൈതാനം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക സ്മാരകമായി മാറുന്നതിന്റെ ഭാഗമായാണ് പഴയ വാഹനങ്ങള്‍ നീക്കിത്തുടങ്ങിയത്. സെപ്തംബര്‍ 24ന് പയ്യന്നൂര്‍ താലൂക്കാശുപത്രി കെട്ടിടോദ്ഘാടന ചടങ്ങിനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മൈതാനിയില്‍ പ്രസംഗിക്കും

ഇന്ത്യയുടെ പരമലക്ഷ്യം പൂര്‍ണ സ്വാതന്ത്ര്യമാണെന്ന് ആദ്യമായി അംഗീകരിച്ച 1928 ലെ കേരള സംസ്ഥാന കോണ്‍ഗ്രസ് സമ്മേളനത്തിനു  പയ്യന്നൂരാണ് വേദിയായത്. സമ്മേളനത്തിന്റെ അധ്യക്ഷനായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു  പ്രസംഗിച്ചത് ഈ മൈതാനത്താണ്. അങ്ങനെയാണ് മൈതാനത്തിന് നെഹ്‌റു മൈതാനമെന്ന പേര് ലഭിച്ചത്. പക്ഷെ പിൽകാലത്ത്  പയ്യന്നൂര്‍ പോലീസ് സബ് ഡിവിഷന്‍ പരിധിയിലെ വിവിധ കേസുകളിലായി പിടിച്ചെടുത്ത വാഹനങ്ങള്‍ ഈ മൈതാനത്ത് കൂട്ടിയിട്ടു. തുരുമ്പെടുത്ത്  പഴകിയ വാഹനങ്ങള്‍ നിറഞ്ഞും കാട് മൂടിയും ഉപയോഗ ശൂന്യമായ മൈതാനം നവീകരിക്കാന്‍ 2023-24  ബജറ്റില്‍ ഒരു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ഇവിടെ സ്വാതന്ത്ര്യ സമര സ്മൃതി സ്മാരകവും മൈതാനവും ഒരുക്കുമെന്ന് ടി ഐ മധുസൂദനന്‍ എം എല്‍ എ അറിയിച്ചു. പയ്യന്നൂര്‍ കോറോത്ത് ഒരുക്കുന്ന ഡംബിങ് യാര്‍ഡിലേക്കാണ് വാഹനങ്ങള്‍ മാറ്റുന്നത്. കോറോം വില്ലേജ് പരിധിയിലെ  ഒരേക്കര്‍ മിച്ചഭൂമിയാണ് ഡംബിങ് യാര്‍ഡിനായി സര്‍ക്കാര്‍ അനുവദിച്ചത്. ഇവിടെ സംരക്ഷണ വേലിയും ഗാര്‍ഡ് റൂമും ഒരുക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: