പയ്യാമ്പലം ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ശക്തമായ തിരയിൽപ്പെട്ടു; രക്ഷകരായത് അഴീക്കൽ തീരദേശസേന

കണ്ണൂർ: പയ്യാമ്പലം ബീച്ചിൽസുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ അതിഥി തൊഴിലാളിയായ യുവാവ് ശക്തമായ തിരമാലകളിൽപ്പെട്ടു. രക്ഷകരായത് അഴീക്കൽ തീരദേശസേന. ചൊവ്വാഴ്ച വൈകുന്നേരം 4.30 മണിയോടെയായിരുന്നു സംഭവം. മൂന്ന് സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ വെസ്റ്റ് ബംഗാൾ
ഹൂഗ്ളി ചക്യത്തൂർ സ്വദേശി കാലിപാദസാവുവിൻ്റെ മകൻ
പ്രബീർ സാവു (30) ആണ് ശക്തമായ തിരമാലയിൽപ്പെട്ടത്. അഴീക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ.എം. പി .അനിൽകുമാറിൻ്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർ റയീസ്, കോസ്റ്റൽ വാർഡൻ മാക്സ് വെൽ, ലൈഫ് ഗാർഡ്മാരായ വിജേഷ്,സനോജ്
എന്നിവർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. ശക്തമായ തിരയിൽപ്പെട്ടതോടെസുഹൃത്തുക്കൾ നാട്ടുകാരെ വിവരമറിയിക്കുകയും തുടർന്ന് തീരദേശസേനയുടെ സഹായം തേടുകയുമായിരുന്നു. അപകടത്തിൽപ്പെട്ട അതിഥി തൊഴിലാളിയെ തക്ക സമയത്തെത്തി പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിലെത്തിച്ചതിനാൽ രക്ഷപ്പെട്ടു. കണ്ണൂർ താണയിൽ താമസിച്ച് കാർപെൻ്റർ ജോലി ചെയ്തുവരുന്ന സംഘമാണ് വൈകുന്നേരത്തോടെ പയ്യാമ്പലം ബീച്ചിൽ കുളിക്കാനെത്തിയത്.