ഗാന്ധി പ്രതിമയോടുള്ള അനാദരവ് പരാതിയിൽ കേസെടുത്തു

പയ്യന്നൂര്‍: നഗരസഭ നിയന്ത്രണത്തിലുള്ള പയ്യന്നൂരിലെഗാന്ധി പാര്‍ക്കിൽ സ്ഥാപിച്ച രാഷ്ട്രപിതാവിന്റെ പ്രതിമയോട് അനാദരവ് കാണിച്ച സംഭവത്തില്‍ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു. പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ജയരാജ് നല്‍കിയ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. സ്വാതന്ത്രസമര കാലത്തെ രണ്ടാം ബർദോളി എന്നറിയപ്പെട്ട
പയ്യന്നൂരില്‍ ഗാന്ധിജി എത്തുമ്പോഴുള്ള പ്രായം കണക്കാക്കി വടിയില്ലാതെ നടക്കുന്ന ഗാന്ധിശില്‍പമായിരുന്നു പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ സ്ഥാപിച്ചിരുന്നത്. ഈ ശില്‍പ്പത്തിന്റെ കൈയിലാണ് സാമൂഹ്യ വിരുദ്ധർവടി തിരുകിക്കയറ്റി അനാദരവ് കാണിച്ചത്. സംഭവം വിവാദമായതോടെ കോൺഗ്രസ് നേതാവ് പയ്യന്നൂര്‍ ഡിവൈ.എസ്പി.കെ.ഇ.പ്രേമചന്ദ്രന് നല്‍കിയ പരാതി സ്റ്റേഷന്‍ ഹൗസ് ഓഫീസർക്ക് കൈമാറിയിരുന്നു. ഈ പരാതിയില്‍ കഴിഞ്ഞ ദിവസം പരാതിക്കാരൻ്റെ മൊഴിരേഖപ്പെടുത്തിയ ശേഷമാണ് നാട്ടിൽ കലാപമുണ്ടാക്കാനുള്ള ശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തി പോലീസ് കേസെടുത്തത്. കേസെടുത്ത പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ മെൽബിൻ ജോസിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.