തലശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ ശേഖരണം മുടങ്ങിയിട്ട് രണ്ടുമാസം

തലശ്ശേരി: നഗരസഭാ പരിധിയിൽ വീടുകളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യശേഖരണം മുടങ്ങിയിട്ട് രണ്ടുമാസമാകാറായി. പ്രശ്നം പരിഹരിക്കാൻ അധികൃതർ നടപടി തുടങ്ങി. ശേഖരിക്കൽ മുടങ്ങിയതോടെ വീടുകളിൽ പ്ലാസ്റ്റിക്കുകൾ കുമിയാൻ തുടങ്ങി. കത്തിക്കുന്നത് ആരോഗ്യപ്രശ്നമുണ്ടാക്കുന്നതിനാൽ പല വീടുകളിലും പ്ലാസ്റ്റിക്കുകൾ കെട്ടിക്കിടക്കുന്നു. രണ്ടുവർഷമായി ഹരിതകർമസേനയാണ് തുച്ഛമായ തുക ഈടാക്കി വീടുകളിലെത്തി പ്ലാസ്റ്റിക് ശേഖരിക്കുന്നത്. ഇവ കണ്ടിക്കൽ വ്യവസായ എസ്റ്റേറ്റിലെ കേന്ദ്രത്തിലാണെത്തിച്ചിരുന്നത്. ഇവിടെവെച്ച് പ്ലാസ്റ്റിക് കുപ്പി, സഞ്ചി തുടങ്ങി അഞ്ച് വിഭാഗങ്ങളായി വേർതിരിച്ച് പൊടിച്ചശേഷം മൈസൂരുവിലേക്കാണ് കയറ്റിയയച്ചിരുന്നത്. ജൂലായിൽ പെയ്ത കനത്ത മഴയിൽ കുതിർന്ന് ഈ കേന്ദ്രത്തിൽ പ്ലാസ്റ്റിക് വേർതിരിക്കൽ നടപ്പായില്ല. ഇതോടെ ഇവിടെ വീണ്ടും പ്ലാസ്റ്റിക് സൂക്ഷിക്കാനുള്ള സൗകര്യമില്ലാതായതിനാലാണ് ശേഖരണം നിർത്തിയത്. ഇപ്പോൾ പ്ലാസ്റ്റിക് തരംതിരിക്കൽ തുടങ്ങി. രണ്ടുലോഡ് കയറ്റിയയച്ചുവെന്ന് നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.രാഘവൻ പറഞ്ഞു. മൂന്നുലോഡ് കൂടി അയക്കാനുണ്ട്. അതിൽ ഒരുലോഡ്കൂടി കയറ്റിയയച്ചാൽ വീണ്ടും പ്ലാസ്റ്റിക് ശേഖരിച്ചുതുടങ്ങാനാകുമെന്നും അദ്ദേഹം പറഞ്ഞു.